സമരം വിജയംകണ്ടു : കീഞ്ഞു കടവിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം
പനമരം : കീഞ്ഞുകടവ് കാക്കത്തോടിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ സമരം വിജയം കണ്ടു. ഹരിതകർമ്മ സേനകൾ ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കുന്നത് കാക്കത്തോടിൽ നിന്നും മാറ്റി സ്ഥാപിക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു.
പനമരം വലിയ പാലത്തിന് താഴെയുള്ള ഡി.ടി.പി.സിയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിൽ താല്കാലികമായി മാലിന്യം സൂക്ഷിക്കും. ഇതിനുള്ള അനുവതി വാങ്ങും. എം.സി.എഫിനായി സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം പണിയുന്നത് വരെയാണ് താല്കാലിക സംവിധാനം. ഇതോടെ വർഷങ്ങളായി കാക്കത്തോടിൽ മാലിന്യം കൊണ്ടിടുന്നതിന് അറുതിയായി.
കഴിഞ്ഞ ദിവസം മാലിന്യ കേന്ദ്രത്തിന് സമീപം മാലിന്യവാഹനം തടയാൻ എത്തിയവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കിയതും തുടർന്നുണ്ടായ പ്രതിഷേധക്കാരുടെ സമരവും വലിയ ചർച്ചയായതിനെ തുടർന്നായിരുന്നു ചൊവ്വാഴ്ച പനമരം ഗ്രാമപ്പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നത്. ഭരണ സമിതിയംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കീഞ്ഞു കടവ് നിവാസികളും യോഗത്തിൽ സംസാരിച്ചു. മാലിന്യ പ്രശ്നപരിഹാരത്തിനായി പുതിയ കമ്മിറ്റിയും രൂപീകരിച്ചു.