തൃശ്ശിലേരിയിൽ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നയാൾ അറസ്റ്റിൽ
കാട്ടിക്കുളം : തൃശിലേരി കാനഞ്ചേരിയില്‍ പട്ടാപകല്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി വീട്ടമ്മയുടെ കൈകള്‍ തോര്‍ത്തുകൊണ്ട് കെട്ടിയിട്ട് കഴുത്തില്‍ കിടന്ന ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്നയാളെ അറസ്റ്റ് ചെയ്തു.
കാനഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുറുക്കന്‍മൂല മഠത്തില്‍ പറമ്പില്‍ ഷിബു തോമസ് (42) നെയാണ് തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെയാണ് സംഭവം. ഷിബുവിന്റെ അയല്‍വാസിയായ ദ്രൗപതിയുടെ മാലയാണ് ഇയാള്‍ കവര്‍ന്നത്. ദ്രൗപതിയും മകനും മാത്രമാണ് വീട്ടില്‍ താമസം. മകന്‍ പണിക്കും, ദ്രൗപതി പുല്ലരിയാനും പോയ തക്കം നോക്കി ഷിബു ഇവരുടെ വീട്ടില്‍ കയറി അലമാര പരിശോധിക്കുന്നതിനിടെ ദ്രൗപതി അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. ഉടന്‍ ഷിബു ദ്രൗപതിയുടെ കയ്യില്‍ കയറി പിടിച്ച് കഴുത്തില്‍ കിടക്കുന്ന മാല ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അതിന് വിസമ്മതിച്ച് ബഹളം വെച്ച ദ്രൗപതിയുടെ കൈകള്‍ ഇയാള്‍ ബലമായി കൂട്ടിക്കെട്ടിയ ശേഷം മാല കവര്‍ന്നു.
ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും, ഒപ്പം സത്യം ചെയ്യിക്കുകയും ചെയ്ത ശേഷം ഷിബു സ്വന്തം വീട്ടിലേക്ക് പോയി. ഇതേസമയം വീട്ടിലേക്ക് വന്ന ദ്രൗപതിയുടെ മകനോട് അവര്‍ ഇക്കാര്യം പറയുകയും ഇരുവരും അയല്‍വാസികളോടൊപ്പം ചെന്ന് ഷിബുവിനോട് മാല തിരികെ ചോദിച്ചു.
എന്നാല്‍ തനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞ് ഷിബു കൈ മലര്‍ത്തി. ഇതോടെ പോലീസില്‍ വിവരമറിയിക്കുകയും തിരുനെല്ലി പോലീസ് സ്ഥലത്തെത്തി ഷിബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം എല്ലാക്കാര്യവും നിഷേധിച്ചെങ്കിലും പിന്നീട് ഇയാള്‍ കുറ്റസമ്മതം നടത്തി. പ്രതിയെ കൊണ്ടുവന്ന് നടത്തിയ തെളിവെടുപ്പില്‍ തൊണ്ടി മുതലായ മാല കണ്ടെത്തുകയും ചെയ്തു.
ഷിബുവിനെതിരെ അതിക്രമിച്ച് കടന്നതിനും, കവര്‍ച്ചയ്ക്കും, ഭീഷണിപ്പെടുത്തിയതിനുമാണ് പോലീസ് കേസെടുത്തത്. എ.എസ്.ഐ മെര്‍വിന്‍ ഡിക്രൂസ്, എസ്.സി.പി.ഒ അനൂപ്, സി.പി.ഒമാരായ ലിജോ, വിനീത്, അഭിജിത്, രാഹുല്‍ ചന്ദ്രന്‍, ഡ്രൈവര്‍ രതീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.