മലങ്കരയിലെ എയര്‍ഗണ്‍ വെടിവെപ്പ്; പരിക്കേറ്റവർക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍
മാനന്തവാടി : മലങ്കര കോളനിയില്‍ യുവാവ് 3 കോളനിവാസികളെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ പരിക്കുപറ്റിയവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
പരിക്കേറ്റ് മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരെ മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. പരിക്കു പറ്റിയവര്‍ക്ക് എല്ലാവിധ ചികിത്സയും ഉറപ്പാക്കാന്‍ മന്ത്രി ഡി.എം.ഒക്ക് നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവരുടെ ചികിത്സയുമായും മറ്റും ബന്ധപ്പെട്ട ചിലവുകള്‍ വഹിക്കാന്‍ ട്രൈബല്‍ വകുപ്പ് അധികൃതര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. അയല്‍വാസികളായ മലങ്കര പണിയ കോളനിയിലെ മണി (54), രാഗിണി (52), വിപിന്‍ (17) എന്നിവരെയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് കോളനിയിലെ യുവാവ് വെടിവെച്ചത്. ആരുടേയും പരിക്ക് സാരമുള്ളതല്ല.
ഒ.ആര്‍ കേളു എം.എല്‍.എ, ഡി.പി.എം ഡോ. സമീഹ സൈതലവി, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.