April 20, 2025

കർക്കടക വാവുബലി : തിരുനെല്ലിയിലേക്ക് ഇത്തവണയും വാഹനനിയന്ത്രണം

Share

 

കാട്ടിക്കുളം : കർക്കടക വാവുബലിക്ക് തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ അനുഭവപ്പെടുന്ന തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാനായി ഇത്തവണയും മുൻവർഷങ്ങളിലേതുപോലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

 

വിശ്വാസികൾക്ക് സൗകര്യപൂർവം ബലികർമം നടത്തി മടങ്ങാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും ജനം സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി പദംസിങ് ആവശ്യപ്പെട്ടു.

 

ജൂലൈ 16 ന് ഉച്ചയ്ക്കു മൂന്നിനുശേഷം തുടങ്ങുന്ന നിയന്ത്രണം 17 ന് ഉച്ചവരെ തുടരും. സ്വകാര്യവാഹനങ്ങളുമായി തിരുനെല്ലിയിലേക്ക് എത്തുന്നവർ അവ കാട്ടിക്കുളത്ത് പാർക്കു ചെയ്യണം. കാട്ടിക്കുളത്തുനിന്നും മാനന്തവാടിയിൽനിന്നും തിരുനെല്ലിയിലേക്ക് കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക സർവീസ് ഉണ്ടാകും. വിശ്വാസികൾ ഈ സേവനം പ്രയോജനപ്പെടുത്താം. തോല്പെട്ടി ഭാഗത്തുനിന്ന് തിരുനെല്ലിയിലേക്ക് വരുന്ന വാഹനങ്ങൾ തെറ്റ് റോഡ് ഭാഗത്തു വാഹനംനിർത്തിയിട്ട് കെ. എസ്.ആർ.ടി.സി.യിൽ യാത്ര തുടരണം.

 

അപ്പപ്പാറ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ അപ്പപ്പാറയിൽ നിർത്തിയിടണം. കാട്ടിക്കുളത്ത് നിന്ന് പനവല്ലി വഴി തിരുനെല്ലിയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല. തിരുനെല്ലി ക്ഷേത്രപരിസരത്തുള്ള റിസോർട്ടുകൾ, ഗസ്റ്റ്ഹൗസുകൾ, സർക്കാർ അതിഥിമന്ദിരങ്ങൾ എന്നിവിടങ്ങളിൽ മുൻകൂട്ടി ബുക്കുചെയ്ത് വരുന്നവർ ബുക്കിങ് സംബന്ധിച്ച രേഖകൾ കാണിച്ചാൽ അവരുടെ വാഹനങ്ങൾ കടത്തിവിടും.

 

കാട്ടിക്കുളത്ത് എത്തുന്ന സ്വകാര്യവാഹനങ്ങൾ കാട്ടിക്കുളത്തെ തിരുനെല്ലി പഞ്ചായത്ത് മൈതാനം, ബാവലി റോഡരിക്, സെയ്‌ന്റ് ജോർജ് പള്ളി മൈതാനം, കാട്ടിക്കുളം ജി.എച്ച്.എസ്.എസ്. മൈതാനം എന്നിവിടങ്ങളിൽ പാർക്കുചെയ്യണം. കാട്ടിക്കുളത്ത് നിർത്തിയിടുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാട്ടിക്കുളത്തെ തിരുനെല്ലി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വിശ്രമസൗകര്യം ഒരുക്കും.

 

ബാവലി ഭാഗത്തുനിന്ന്‌ തിരുനെല്ലിയിലേക്ക് വരുന്ന വാഹനങ്ങൾ വാഹനത്തിലുള്ളവരെ കാട്ടിക്കുളത്ത് ഇറക്കിയശേഷം കാട്ടിക്കുളം രണ്ടാംഗേറ്റ് -ബാവലി റോഡരികിൽ ഒരുവശത്ത് നിർത്തിയിടണമെന്നും പോലീസ് അറിയിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.