പനവല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി
കാട്ടിക്കുളം : പനവല്ലിയിലെ കടുവ ഒടുവിൽ കൂട്ടിലായി. കടുവയെ പിടിക്കാന്‍ വനംവകുപ്പ് സ്ഥാപിച്ച കുട്ടില്‍ കടുവ അകപ്പെട്ടു. ഇന്നലെ രാത്രി 9 മണിയോടെയാണ് കടുവ കുടുങ്ങിയത്.
കടുവയുടെ ആക്രമണമുണ്ടായ ആദണ്ടയില്‍ കഴിഞ്ഞയാഴ്ചയാണ് കൂട് സ്ഥാപിച്ചത്. കാപ്പിത്തോട്ടത്തില്‍ നിന്ന് അല്പം മാറി സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ കുട് സ്ഥാപിച്ച ശേഷം പ്രദേശങ്ങളില്‍ ആക്രമണമുണ്ടായിരുന്നില്ല.
രണ്ടാഴ്ച മുമ്പാണ് പനവല്ലിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പുളിയ്ക്കല്‍ മാത്യുവിന്റെ പശുവിനെയാണ് ആദ്യം കടുവ കൊന്നത്. പിന്നീട് വരകില്‍ വിജയന്റെ പശുക്കിടാവും പുളിയ്ക്കല്‍ റോസയുടെ പശുവും കടുവയുടെ ആക്രണത്തില്‍ ചത്തു. ആദ്യഘട്ടത്തില്‍ വനപാലകര്‍ ക്യാമറവെച്ചാണ് നിരീക്ഷിച്ചത്. കൂടുവെക്കണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.