ഏകാധിപത്യരീതി വികസനത്തെ മുരടിപ്പിക്കുന്നു ; പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണം – വാസു അമ്മാനി
പനമരം : ഭരണ സമിതിയംഗങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മാനിക്കാതെ ഏകാധിപത്യ രീതിയിലുള്ള സമീപനം പനമരം പഞ്ചായത്തിന്റെ വികസനത്തെ മുരടിപ്പിക്കുന്ന സാഹചര്യത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് വാർഡംഗം വാസു അമ്മാനി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രസിഡന്റിന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഏകാധിപത്യ രീതിയിലൂടെ അഴിമതി നിറഞ്ഞ ഭരണമാണ് നടപ്പിലാക്കുന്നത്. 34 ലക്ഷം രൂപ ചിലവയിച്ച് 18 വാർഡുകളിൽ സ്ഥാപിച്ച തെരുവു വിളക്കുകൾ എക്സ്പെയറി ഡേറ്റ് കഴിഞ്ഞതും ഗുണനിലവാരമില്ലാത്തുമായിരുന്നു. വിളക്കുകൾ സ്ഥാപിച്ച് രണ്ടു മാസത്തിനിടെ 310 ലൈറ്റുകൾ തകരാറിലായി. ഗുണനിലവാരമില്ലായ്മ നേരത്തെ വാർഡംഗങ്ങൾ സൂചിപ്പിച്ചെങ്കിലും അവ അവഗണിച്ച് സ്ഥാപിക്കുകയാണുണ്ടായത്. 16 ലക്ഷത്തിൽ പരം രൂപ വിനിയോഗിച്ച് 18 ലോമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചെന്നാണ് പ്രസിഡണ്ടിന്റെ വാദം. എന്നാൽ 12 ലൈറ്റുകൾ മാത്രമാണ് ഒരുക്കിയിട്ടുള്ളത്. അഞ്ച് വാർഡുകളിൽ തെരുവു വിളക്കുകൾ ഒരുക്കിയിട്ടുമില്ല. പാലക്കാടുള്ള ഏജൻസിക്കാണ് വിളക്കുകളുടെ ടെണ്ടർ നൽകിയത്. വിളക്കുകൾ സ്ഥാപിച്ച ശേഷം തകരാറുകൾ വാർഡംഗങ്ങൾ ചൂണ്ടികാണിച്ചപ്പോൾ ഏജൻസി മാസത്തിൽ രണ്ടു തവണയെത്തി അറ്റകുറ്റപ്പണി നടത്തുകയാണ്.
2022 – 23 സാമ്പത്തിക വർഷത്തെ ഫർണിച്ചർ വാങ്ങിയതിലും വൻ അഴിമതിയുണ്ട്. വിവിധ വാർഡുകളിലെ 41 അംഗണവാടികളിലേക്ക് വിതരണം ചെയ്യാനായി 55 ലക്ഷത്തോളം രൂപയുടെ പർച്ചേസ് നടത്തി. ഇതിൽ കമ്മീഷൻ പറ്റുന്നതിനായി ഗുണനിലവാരം കുറഞ്ഞ ഫർണിച്ചറുകൾ വാങ്ങി. പുറത്തറിയാതിരിക്കാനാണ് വെള്ളമുണ്ട പഞ്ചായത്തിലെ അഞ്ചാംമൈലിലെ സ്വകാര്യ ഗോഡൗണിൽ ഫർണിച്ചർ ഇറക്കി വെച്ച് വിതരണം ചെയ്തത്.
സ്വന്തം വാർഡിൽ ഓഷ്യാനോസിന്റെ എക്സിബിഷന് അനുമതി നൽകിയതിൽ പഞ്ചായത്തിന് ലഭിക്കേണ്ട വരുമാനത്തിൽ വലിയ തുക പ്രസിഡന്റ് നഷ്ടപ്പെടുത്തി. ഒരു ലക്ഷം രൂപയോളം നടത്തിപ്പുകാരിൽ നിന്നും ഫീസായി ഈടാക്കി പഞ്ചായത്തിന് വരുമാനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ വെറും 15000 രൂപ വാങ്ങിയായിരുന്നു എക്സിബിഷൻ നടത്താൻ അനുമതി നൽകിയത്. ഇത് അംഗങ്ങൾ ചോദ്യം ചെയ്തതോടെയാണ് 37000 രൂപ കൂടി അവരിൽ നിന്നും ഈടാക്കിയത്.
ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ അധ്യക്ഷ എന്ന നിലയ്ക്ക് പ്രസിഡന്റ് തീർത്തും പരാജയമാണ്. 11 വീതം എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങളും, ഒരു ബി.ജെ.പി അംഗവുമടക്കം 23 അംഗങ്ങളുള്ള ഭരണ സമിതിയെ ഒരുമിച്ചു കൊണ്ടുപോവാൻ പ്രസിഡന്റിന് കഴിയുന്നില്ല. പൊതുജനത്തോട് ചൂണ്ടികാണിക്കാൻ പോലും ഒരു വികസന പ്രവർത്തനം നടത്താൻ ഈ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. മുൻഭരണ സമിതി അംഗീകരിച്ച 17 ലക്ഷം രൂപ മുടക്കിയുള്ള സി.സി. ടി.വി സ്ഥാപിച്ചത് മാത്രമാണ് ഏക ആശ്വാസം. ബസ് കാത്തിരിപ്പുകേന്ദ്രവും, ട്രാഫിക് പരിഷ്ക്കരണവുമെല്ലാം പ്രസിഡന്റിന്റെ കഴിവുകേടിന് തെളിവാണ്. അതിനാൽ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലാത്ത പ്രസിഡന്റ് രാജിവെക്കണമെന്ന് എട്ടാം വാർഡംഗം വാസു അമ്മാനി പറഞ്ഞു.