September 20, 2024

ബസ് സ്‌റ്റോപ്പിലിരിക്കെ തെങ്ങ് വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

1 min read
Share

കൽപ്പറ്റ : ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് വീണതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. മാനന്തവാടി കാട്ടിക്കുളം പനവല്ലി ചൂരംപ്ലാക്കല്‍ വീട്ടില്‍ ഉണ്ണിയുടെ മകന്‍ സി.യു. നന്ദു (19) ആണ് ഞായറാഴ്ച രണ്ട് മണിയോടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

 

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണമോഹന്‍ മെമ്മോറിയല്‍ ഐ.ടി.ഐ. വിദ്യാര്‍ഥിയായ നന്ദു വീട്ടിലേക്ക് മടങ്ങുന്നതിനായി സഹപാഠികളായ മറ്റു രണ്ടുപേര്‍ക്കൊപ്പം ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിക്കുന്നതിനിടെ തെങ്ങ് കടപുഴകി ബസ് സ്റ്റോപ്പിന് മേല്‍ പതിക്കുകയായിരുന്നു.

 

ബസ് സ്റ്റോപ്പിന് തൊട്ടുപുറകിലുണ്ടായിരുന്ന തെങ്ങാണ് മറിഞ്ഞുവീണത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മുകളിലെ ഷീറ്റ് തകര്‍ന്ന് തെങ്ങിന്‍തടി നന്ദുവിന്റെ തലയിലിടിച്ചാണ് ഗുരുതര പരിക്കേറ്റത്. സഹപാഠികള്‍ ഉടനെ കൈനാട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലക്കേറ്റ പരിക്ക് ഗുരുതരമായിരുന്നു. ആന്തരിക രക്തസ്രാവവും ഉണ്ടായതോടെ വിദ്യാര്‍ഥിയെ മേപ്പാടിയില്‍ സ്വകാര്യമെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

ജീവന്‍രക്ഷാശസ്ത്രക്രിയകള്‍ നടത്തി കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. തെങ്ങ് മറിഞ്ഞുവീണയുടനെ കാത്തിരിപ്പുകേന്ദ്രത്തിന് പുറത്തേക്ക് തെറിച്ചുവീണതിനാലാണ് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ക്ക് പരിക്കേല്‍ക്കാതിരുന്നത്. ഇതില്‍ ഒരു വിദ്യാര്‍ഥി ശരീരവേദനയെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. സമയോചിതമായി പ്രവര്‍ത്തിച്ച് നന്ദുവിന് യഥാവിധി ചികിത്സ ലഭ്യമാക്കിയെങ്കിലും പൊടുന്നനെ നന്ദു മരണത്തിന് കീഴടങ്ങിയതിന്റെ ഞെട്ടലിലാണ് അപകടമസമയത്ത് ഒപ്പമുണ്ടായിരുന്നര്‍. അപ്രതീക്ഷിതമായെത്തിയ അപകടം സഹപാഠിയുടെ ജീവന്‍ കവര്‍ന്നതിന്റെ വേദനയിലാണ് ഐ.ടി.ഐയിലെ മറ്റു കുട്ടികളും അധ്യാപകരും. ഏതാനും ദിവസങ്ങളായി വൈകുന്നേരങ്ങളില്‍ കനത്ത മഴയാണ് വയനാടിന്റെ വിവിധ പ്രദേശങ്ങളില്‍ പെയ്യുന്നത്. സ്‌കൂള്‍ വിടുന്ന സമയത്തുണ്ടാകുന്ന കാറ്റും മഴയും സ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പലര്‍ക്കും മണിക്കൂറുകള്‍ വൈകിയാണ് വീടണയാന്‍ കഴിയുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.