September 20, 2024

പനമരത്തെ എക്സിബിഷന് പഞ്ചായത്ത് പെർമിറ്റ് നൽകിയില്ല : 40 ഓളം വരുന്ന തൊഴിലാളികൾ സെക്രട്ടറിയെ ഉപരോധിച്ചു

1 min read
Share

 

പനമരം : പനമരം ആര്യന്നൂർ നടയിൽ നടന്നുവന്നിരുന്ന ചലിക്കുന്ന അണ്ടര്‍ വാട്ടര്‍ ടണൽ എക്സിബിഷന് ഗ്രാമപ്പഞ്ചായത്ത് അന്യായമായി പെർമിറ്റ് പുതുക്കി നൽകിയില്ലെന്നാരോപിച്ച് തൊഴിലാളികൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. എക്സിബിഷൻ വയലിൽ മഴമൂലം വെള്ളം കയറിയതോടെ ദിവസങ്ങളോളം അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ ഈ മാസം 28 വരെ പെർമിറ്റ് പുതുക്കി നൽകാൻ അപേക്ഷ നൽകിയിട്ടും അകാരണമായി പെർമിറ്റ് അനുവദിക്കുന്നില്ലെന്നാരോപിച്ചായിരുന്നു തൊഴിലാളികൾ സംഘടിച്ചെത്തിയത്. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് 40 ഓളം വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ ഗ്രാമപ്പഞ്ചായത്തിന് മുമ്പിൽ സംഘടിച്ചെത്തിയത്. തുടർന്ന് സെക്രട്ടറിയുമായി തൊഴിലാളികൾ ചർച്ച നടത്തി. വിഷയം വെള്ളിയാഴ്ച ബോർഡ് മീറ്റിംഗിൽ പരിഗണിക്കും. ബോർഡ് യോഗം അനുവദിച്ചാലും ഇല്ലെങ്കിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ എക്സിബിഷൻ തുടരാമെന്ന് സെക്രട്ടറി വാക്കാൽ ഉറപ്പു നൽകി. ഇതോടെയാണ് സമരക്കാർ പിരിഞ്ഞു പോയത്.

 

” കടലില്ലാത്ത വയനാട്ടിൽ സമുദ്രവിസ്മയങ്ങളുമായി ഓഷ്യാനോസ് ” എന്ന ആശയമുയർത്തി കഴിഞ്ഞ 23 – നായിരുന്നു പനമരത്ത് കടലിന്റെ അടിത്തട്ടിലെ അത്ഭുത കാഴ്ചകള്‍ ആവിഷ്‌ക്കരിക്കുന്ന പ്രദര്‍ശനത്തിന് നീല്‍ എന്റര്‍ടൈന്‍മെന്റ്‌സ് തുടക്കം കുറിച്ചത്. ഈ മാസം 14 വരെയായിരുന്നു പ്രദർശനത്തിന് അനുമതി ഉണ്ടായിരുന്നത്. 60 ലക്ഷം രൂപയോളം മുടക്കിയായിരുന്നു എക്സിബിഷനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. എന്നാൽ പ്രദർശനം തുടങ്ങി ഒരാഴ്ച തികയും മുന്നേ വേനൽ മഴ വില്ലനായെത്തി. ഇതേത്തുടർന്ന് ആര്യന്നൂർ വയലിൽ വെള്ളം കയറിയതോടെ 14 ദിവസം അടച്ചിടേണ്ടി വന്നു. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. മഴ മാറിയതോടെ മേയ് 11 ന് വീണ്ടും തുറക്കുകയും, അന്നുതന്നെ ഈ മാസം 28 വരെ പ്രദർശനം നടത്താൻ അനുമതി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സംഘാടകർ ഗ്രാമപ്പഞ്ചായത്ത്, വൈദ്യുത ബോർഡ്, ഫയർ ഓഫീസ്, ഇൻഷുറൻസ് എന്നിവിടങ്ങളിൽ അപേക്ഷയും നൽകി. പഞ്ചായത്ത് ഒഴികെയുള്ളവ സാഹചര്യം കണക്കിലെടുത്ത് പെർമിറ്റ് നൽകി. എന്നാൽ മേയ് 14 ന് വൈകീട്ട് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പ്രദർശനം നിർത്തിവെയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. അനുമതിക്കായി സംഘാടകർ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും കാണേണ്ടവരെ കാണേണ്ടതുപോലെ കണ്ടാൽ പെർമിറ്റ് അനുവതിക്കാം എന്ന മറുപടിയാണ് ലഭിച്ചതെന്ന് നീല്‍ എന്റര്‍ടൈന്‍മെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ.കെ നിമിൽ പറഞ്ഞു. ഒരുപഞ്ചായത്തംഗം പനമരത്തെ ഒരു ചോട്ടാ നേതാവിനെ വിട്ട് അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇത് കൊടുക്കാത്തതിനാൽ ആളുകളുമായെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതേത്തുടർന്ന് കൈക്കൂലി ആവശ്യപ്പെട്ട വാർഡംഗത്തിനെതിരെ പനമരം സി.ഐ, ഡി.വൈ.എസ്.പി, ജില്ലാ പോലീസ് മേദാവി എന്നിവർക്ക് പരാതി നൽകിയിരുന്നു. കൂടാതെ പണം ചോദിച്ചെത്തി ജീവനക്കാരനെ ആക്രമിച്ച ആൾക്കെതിരെയും പനമരം പോലീസിൽ പരാതി നൽകിയിരുന്നു. ഈ രണ്ട് പരാതികളും പിൻവലിച്ചാലെ അനുമതി പുതുക്കി നൽകാൻ സാധിക്കൂ എന്നും പറഞ്ഞതായി നിമിൽ പറഞ്ഞു. പ്രദർശനത്തിന് തുടക്കത്തിൽ അനുമതിക്കായി 50000 രൂപ ഗ്രാമപ്പഞ്ചായത്ത് ഫീസായി ഈടാക്കുകയും ചെയ്തിരുന്നു.

 

50 ഓളം ജീവനക്കാരുള്ള ഓഷ്യാനോസിൽ പനമരത്തെ 30 ഓളം പേർ ജോലിക്കായുണ്ട്. ഒരു ദിവസം പ്രദർശനത്തിന് ഒരു ലക്ഷം രൂപയോളം ചിലവുവരും. ഈ സാഹചര്യത്തിൽ പെർമിറ്റ് പുതുക്കി നൽകാത്തത് ശരിയായില്ലെന്ന് സംഘാടകർ പറയുന്നു. ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഗ്രാമപ്പഞ്ചായത്ത് അനുമതി നിഷേധിച്ചത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. അപേക്ഷ നൽകി ഏഴു ദിവസമായിട്ടും അനുമതി നിഷേധിച്ചത് സംബന്ധിച്ച് വ്യക്തമായ ഒരു മറുപടി പോലും ലഭിച്ചിട്ടില്ല. വിദേശത്തും ഇന്ത്യയിലുമായി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും ഇത്തരം ഒരു ദുരനുഭവം ഇതാദ്യമാണ്. വെള്ളിയാഴ്ചയും പെർമിറ്റ് കിട്ടിയില്ലെങ്കിൽ ഗ്രാമപ്പഞ്ചായത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സംഘാടകരുടെ തീരുമാനം.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.