വള്ളിയൂർക്കാവിൽ പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചയാൾ അറസ്റ്റിൽ
മാനന്തവാടി : വള്ളിയൂർക്കാവിലെ എക്സിബിഷൻ സ്റ്റാൾ പരിസരത്തുവെച്ച് പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. കാസർകോട് ചാമാടിക്കുന്ന് ഗാന്ധിപുരം ശാസ്തമംഗലത്ത് ഹൗസിൽ എസ്.സി. പ്രമോദിനെ (39) ആണ് മാനന്തവാടി എസ്.ഐ. കെ.കെ. സോബിൻ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വള്ളിയൂർക്കാവ് പ്രദർശന നഗരിയിൽ കച്ചവടത്തിനെത്തിയതായിരുന്നു പ്രമോദ്. ഉത്സവാഘോഷക്കമ്മിറ്റി ഭാരവാഹിയെ മർദിക്കുന്നതുകണ്ട് പിടിച്ചുമാറ്റാൻ ചെന്ന പോലീസുകാർക്കു നേരെയാണ് ഇയാൾ തിരിഞ്ഞത്. പോലീസ് ഓഫീസർമാരെ അസഭ്യംപറഞ്ഞ പ്രമോദ് ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തു. ആറോളം പോലീസ് ഓഫീസർമാരാണ് ഇതുമായി ബന്ധപ്പെട്ട് ചികിത്സതേടിയത്. പ്രമോദിനെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.