പനമരത്ത് വീണ്ടും തീപ്പിടുത്തം ; ചാലിൽഭാഗം കട്ടക്കളത്തിന് സമീപത്തെ മുളങ്കൂട്ടങ്ങൾ കത്തിനശിച്ചു
പനമരം : പനമരം പഴയ നടവയൽ റോഡിലെ ചാലിൽഭാഗം കട്ടക്കളത്തിന് സമീപത്തെ മുളങ്കൂട്ടങ്ങൾക്ക് തീപ്പിടിച്ചു. നെല്ലിയമ്പം റോഡിലെ മാത്തൂർവയൽ ചെറുപുഴയോരത്തെ കരിഞ്ഞുണങ്ങിയ മുളങ്കാട്ടിലാണ് തീപ്പിടുത്തമുണ്ടായത്. മുളകൾക്ക് പുറമെ അടിക്കാടുകളും മാലിന്യക്കെട്ടുകളും കത്തിനശിച്ചു.
ശനിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. തീ ഉയരുന്നതു കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തൊട്ടടുത്ത് കട്ടക്കളങ്ങളിൽ ഷെഡ്ഡ് കെട്ടി താമസിക്കുന്ന കുടുംബങ്ങളുണ്ട്. ജനവാസ മേഖല കൂടിയാണ്. സമയോജിതമായി തീയണച്ചതിനാൽ വൻ അപകടം ഒഴിവാവുകയായിരുന്നു. ഒരാഴ്ച്ച മുമ്പും ഇതിനടുത്തായി മുളങ്കൂട്ടങ്ങൾക്ക് തീപ്പിടിച്ചിരുന്നു. മൂന്നു ദിവസം മുമ്പ് പനമരം – നടവയൽ റോഡരികിലെ മത്തൂർ വയലിൽ തീപ്പിടുത്തമുണ്ടായി നെൽവയൽ കത്തിനശിച്ചിരുന്നു.