കുരുമുളക് വള്ളികൾ വെട്ടി നശിപ്പിച്ചതായി പരാതി
അഞ്ചുകുന്ന് : കുരുമുളക് വള്ളികൾ വെട്ടി നശിപ്പിച്ചതായി പരാതി. പനമരം ഗവ.ഹൈസ്കൂളിലെ അധ്യാപകനായ അഞ്ചുകുന്ന് എടത്തംകുന്ന് പൂളക്കൽ ശ്രീനിവാസന്റെ കൃഷിയിടത്തിലെ കുരുമുളക് വള്ളികളാണ് വ്യാപകമായി വെട്ടിമുറിച്ചത്.
നാലു ദിവസം മുമ്പ് വള്ളികൾ ഉണങ്ങി പോവുന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും ദ്രുതവാട്ടമാണെന്നായിരുന്നു കരുതിയത്. എന്നാൽ കഴിഞ്ഞ ദിവസം വള്ളികൾക്ക് മീതെ പടർന്ന പ്രവാസിച്ചെടികൾ പറിച്ചു മാറ്റുന്നതിനിടെയാണ് വള്ളികൾ വെട്ടിമുറിച്ചത് ശ്രീനിവാസൻ കാണുന്നത്. ഒന്നര ഏക്കറിലുള്ള കൃഷിയിടത്തിലെ 10 വർഷം പഴക്കംചെന്ന 14 കുരുമുളക് ചെടികൾ വെട്ടിനശിപ്പിച്ചിട്ടുണ്ട്. തോട്ടത്തിൽ ഏറ്റവും ഉയരത്തിൽ പരന്ന ചെടികളാണ് മുറിക്കപെട്ടിരിക്കുന്നത്. 50 കിലോയോളം നഷ്ടം ഉണ്ടായതായി ഇദ്ദേഹം പറയുന്നു.
സൂക്ഷിക്കാനുള്ള എളുപ്പത്തിന് സാധാരണ കുരുമുളക് പഴുത്തതിന് ശേഷമാണ് പറിക്കാറ്. അതിനാൽ ഇതുവരെ മുളക് പറിച്ചിട്ടില്ല. വള്ളികൾ വെട്ടിയതിന് പിന്നിൽ ഉണങ്ങി നിലത്ത് വീഴുമ്പോൾ പെറുക്കി കൊണ്ടുപോവാം എന്ന ദുരുദ്ദേശമായിരിക്കാനാണ് സാധ്യതയെന്ന് ശ്രീനിവാസൻ പറഞ്ഞു. മുമ്പ് വള്ളികൾ മരത്തിൽ നിന്ന് പറിച്ചിട്ട് കുരുമുളക് മോഷണം പോയിട്ടുണ്ട്. ശ്രീനിവാസൻ പനമരം പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.