നല്ല ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല ; കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ വയനാട് മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി കുടുംബം
മാനന്തവാടി : കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ വയനാട് ഗവ മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി കുടുംബം. മരിച്ച തോമസിന് ചികിത്സ നല്‍കുന്നതില്‍ വയനാട് ഗവ മെഡിക്കല്‍ കോളജ് വിഴ്ച വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കുട്ടി കര്‍ഷകന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു കുടുംബം പരാതി അറിയിച്ചത്.
മെഡിക്കല്‍ കോളജില്‍ നല്ല ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ലെന്നും ആംബുലന്‍സ് അനുവദിച്ചതിലും വീഴ്ച സംഭവിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. തോമസിന്റെ മകള്‍ സോനയാണ് മന്ത്രിയെ സമീപിച്ചത്. പരാതി നല്‍കുന്നതിനിടെ സോന മന്ത്രിയുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു.
പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തില്‍ വെച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു.