പുൽപ്പള്ളിയിൽ കടുവയെ നിരീക്ഷിക്കാൻ വെച്ച ക്യാമറകൾ മോഷ്ടിച്ചു; മൂന്നുപേർ പിടിയിൽ

കടുവയെ നിരീക്ഷിക്കാൻ വെച്ച ക്യാമറകൾ മോഷ്ടിച്ചു; മൂന്നുപേർ പിടിയിൽ
പുൽപ്പള്ളി: കടുവകളെ നിരീക്ഷിക്കുന്നതിനായി വനത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു.
ചീയമ്പം 73 സ്വദേശികളായ ബൊമ്മൻ (55), ബിജു (41), കുട്ടൻ (37) എന്നിവരാണ് പിടിയിലായത്. രാജ്യവ്യാപകമായി നടക്കുന്ന കടുവ സെൻസസിന്റെ ഭാഗമായി 73, ആനപ്പന്തി ഭാഗങ്ങളിൽ സ്ഥാപിച്ച രണ്ടു ക്യാമറ ട്രാപ്പുകളാണ് ഇവർ മോഷ്ടിച്ചതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ഈ മാസം 17 നാണ് ക്യാമറകൾ മോഷണംപോയത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.വി. ആനന്ദിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽനിന്ന് രണ്ടുക്യാമറകൾ മോഷ്ടിച്ചതും ഇവർ തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇവരുടെ പേരിൽ കേണിച്ചിറ പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
