പശുക്കളെ മേയ്ക്കാൻ പോയ മധ്യവയസ്ക്കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
1 min readപശുക്കളെ മേയ്ക്കാൻ പോയ മധ്യവയസ്ക്കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ ദേവൻ ഡിവിഷൻ ഒന്നിൽ എസ്റ്റേറ്റിലെ തൊഴിലാളിയെ കടുവ കൊന്നു. ദേവൻഡിവിഷനിലെ തായ്‌ഷോല ടീപ്ലാന്റേഷനിൽ പശുക്കളെ പരിപാലിക്കുന്ന കെ.വി. ചന്ദ്ര (54) നെയാണ് കടുവ കൊന്നത്.
എസ്റ്റേറ്റിലെ പശുക്കളെ മേയ്ക്കാൻ കൊണ്ടുപോയ ചന്ദ്രനെ കരിപ്പം കൊല്ലിയിലേക്കുള്ള വഴിയിലാണ് കടുവ ആക്രമിച്ചത്. ആദിവാസി കോളനിയിലേക്ക് പതിവായി ആളുകൾ നടന്നുപോകുന്ന വഴിയിലാണ് കടുവയുടെ ആക്രമണത്തിന് ഇദ്ദേഹം ഇരയായത്. കരച്ചിലും ബഹളവും കേട്ട് സമീപത്തുള്ളവർ ഓടിയെത്തുമ്പോഴേക്കും കടുവ കാട്ടിലേക്ക് രക്ഷപ്പെട്ടു.
തലയ്ക്കും കഴുത്തിനും കടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ഗൂഡല്ലൂർ ഗവ. ആശുപത്രിയിലും പിന്നീട് ഊട്ടി ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. എസ്റ്റേറ്റിലെ തൊഴിലാളിയായ ഗീതാഞ്ജലി (വിജയ)യാണ് ചന്ദ്രന്റെ ഭാര്യ. മക്കൾ: അജിത്ത്കുമാർ (ബേക്കറിത്തൊഴിലാളി), അനുഷ (കമ്മാത്തി), മഞ്ജുഷ (ഗൂഡല്ലൂർ). മരുമക്കൾ: പ്രതീക്ഷ, അനീഷ്, പ്രതീഷ്. ഊട്ടി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വീട്ടിലെത്തിച്ച് സംസ്കരിക്കും.