April 3, 2025

പനമരം ബ്ലോക്ക് പഞ്ചായത്തിലേക്ക് യൂത്ത് ലീഗ് നടത്തിയ സമരം അപലപനീയം – ഭരണ സമിതി

Share

പനമരം ബ്ലോക്ക് പഞ്ചായത്തിലേക്ക് യൂത്ത് ലീഗ് നടത്തിയ സമരം അപലപനീയം – ഭരണ സമിതി

പനമരം: പനമരം ബ്ലോക്ക് ഓഫീസ്
റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യുത്ത് ലീഗ് പനമരം ബ്ലോക്ക് പഞ്ചായത്തിന് മുമ്പിൽ നടത്തിയ സമരം അപഹാസ്യവും അപലപനീയവുമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി.

പനമരം പോലീസ് സ്റ്റേഷൻ, നിർമിതി കേന്ദ്ര എന്നിവയുടെ നിർമാണ പ്രവൃർത്തികൾ നടക്കുന്ന പോലീസ് സ്റ്റേഷൻ റോഡ് മഴ പെയ്ത് ഗട്ടറിൽ വെള്ളം നിറഞ്ഞതിനെതിരെ ബ്ലോക്ക് പഞ്ചായത്തിലേക്ക് നടത്തിയ സമരം അപഹാസ്യമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ സർക്കാർ സ്ഥാപനങ്ങളുടെ നിർമാണ ആവശ്യങ്ങൾക്കായി നിത്യേന ടോറസ് അടക്കമുള്ള വാഹനങ്ങളിൽ പഞ്ചായത്തിൻ്റെ ആസ്തി റോഡിലൂടെയാണ് നിർമ്മാണ സാമഗ്രികൾ ഇറക്കുന്നത്.

സർക്കാർ നിർദേശ പ്രകാരമാണ് മാനദണ്ഡങ്ങൾ പ്രകാരം അവശ്യ സർവിസ് കേന്ദ്രങ്ങൾ നിർമിക്കുന്നത്. അതിനുള്ള ഗതാഗത മാർഗമായ റോഡ് മഴ പെയ്താൽ മണ്ണിരുന്ന് പോകുന്നതുമാണ്. പശ്ചാത്തല മേഖലയിൽ തുച്ചമായ ഫണ്ട് മാത്രമുള്ള ബ്ലോക്ക് പഞ്ചായത്തിന് കോടികൾ നിർമാണ ചിലവ് വരുന്ന പോലീസ് സ്റ്റേഷൻ റോഡ് നിർമിക്കാനാകാത്തതു കൊണ്ട് സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ ഫണ്ടിംഗിനായി നിവേദനങ്ങൾ സമർപ്പിച്ച് ഭരണ സമിതി ആയത് യാഥാർഥ്യമാക്കാൻ ശ്രമങ്ങൾ നടന്നുന്നതിനിടെയാണ് ഇത്തരം അപഹാസ്യ സമരങ്ങൾ.

പനമരം ബ്ലോക്ക് പഞ്ചായത്തിന് സർക്കാർ അനുവദിച്ച ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിശ്ചയിച്ച്‌ തരുന്നതിന് മാനന്തവാടി ആർ.ഡി.ഒയ്ക്ക് വീണ്ടും ബോർഡ് ഡിമാൻ്റ് നോട്ടീസ് നൽകും. ഇക്കാര്യം സംസ്ഥാന സർക്കാറിൻ്റെ ശ്രദ്ധയിലും മുഖ്യ വിഷയമായി അറിയിക്കും. സർക്കാർ ഭൂമി അനധികൃതമായി കയ്യേറ്റം ഉണ്ടോ എന്ന് ആർ.ഡി.ഒതല അന്വേഷണം വേണം.

പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കുള്ള റോഡ് പ്രശ്നത്തിൽ ഭരണ സമിതിയും ജീവനക്കാരും ഒറ്റക്കെട്ടാണ്.
സമരം നടത്തിയവരല്ല, സമീപത്തെ 10 ഓളം താമസക്കാരും ബ്ലോക്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമാണ് നിത്യേന പനമരം പോലീസ് സ്റ്റേഷൻ റോഡിൽ നരക യാതന അനുഭവിക്കുന്നത്.

പനമരം പഞ്ചായത്തിലെ ഡ്രൈനേജുകൾ സർക്കാർ സ്ഥാപനങ്ങൾ സ്ഥാപിക്കുന്ന പ്രദേശത്തേക്ക് ഒഴുക്കി വിടുന്നത് അംഗീകരിക്കാനവില്ല. ഗ്രാമ പഞ്ചായത്ത് പിന്തുണയോടെ സംസ്ഥാന ശുചിത്വ മിഷൻ്റെ പ്രഥമ പരിഗണന പട്ടികയിൽ ഉൾപ്പെടുത്തി പനമരം മാലിന്യ സംസ്കരണം യാഥാർഥ്യമാക്കാൻ ബ്ലോക്ക് പഞ്ചായത്ത് പൂർണ്ണ പിന്തുണ ഉറപ്പ് നൽകുന്നു. ബ്ലോക്ക് പഞ്ചായത്തിനെതിനെതിരെ നടത്തുന്ന അനാവശ്യ സമരങ്ങൾ ഭരണ സമിതി ഒറ്റക്കെട്ടായി നേരിടാനും തീരുമാനിച്ചു.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡൻ്റ് അബ്ദുൾ ഗഫൂർ കാട്ടി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അഡ്വ. പി.ഡി സജി, മേഴ്സി ബെന്നി, നിത്യ ബിജു, മെമ്പർമാരായ സജേഷ് സെബാസ്റ്റ്ൻ, മഞ്ചേരി കുഞ്ഞമ്മദ്, ടി.മണി, നിഖില ആൻ്റണി, അന്നക്കുട്ടി ഉന്നക്കുന്നേൽ, ഇ.കെ ബാലകൃഷ്ണൻ, കലേഷ് സത്യലയം, ലൗലി ഷാജു, രജനി ചന്ദ്രൻ എന്നിവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.