നവംബര്‍ 1 മുതല്‍ ഗുരുവായൂരില്‍ ദിവസവും വെര്‍ച്വല്‍ ക്യൂ ; ബുക്കിങ്ങിന് 25 രൂപ ഫീസ്
ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ഭക്തരുടെ ദര്‍ശനം കൂടുതല്‍ സുഗമമാക്കാന്‍ ദേവസ്വം ഭരണസമിതി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. വരും നവംബര്‍ 1 മുതല്‍ എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തു. നിലവില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശന സൗകര്യം നല്‍കിയിരുന്നത്. ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന ഒരോ ബുക്കിങ്ങിനും 25 രൂപ ഫീസ് ഈടാക്കാനും ഭരണസമിതി നിശ്ചയിച്ചിട്ടുണ്ട്.
വെര്‍ച്വല്‍ ക്യൂ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം പല ആളുകളും ദര്‍ശനത്തിന് എത്താതിരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ ഫീസ് നിശ്ചയിച്ചത്. സൗജന്യ ബുക്കിങ് ദുരുപയോഗം ചെയ്യുന്നതും അനാവശ്യമായ ബുക്കിങ്ങുകള്‍ ഒഴിവാക്കുന്നതും വഴി യഥാര്‍ത്ഥ ഭക്തര്‍ക്ക് അവസരം ലഭിക്കുമെന്ന് ദേവസ്വം ചെയര്മാന് എ. വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റര്‍ എസ്. ഹരിഗോപാലും അറിയിച്ചു. ഒരു ബുക്കിങ് ഉപയോഗിച്ച് ഒന്നു മുതല്‍ ആറ് പേര്‍ക്ക് വരെ ഒരുമിച്ച് ദര്‍ശന സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കും. എല്ലാ മാസവും 25-ാം തീയതി മുതല്‍ അടുത്ത മാസത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കും.
ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജ നടക്കുന്ന ദിവസങ്ങളില്‍ വൈകിട്ട് മാത്രമായിരിക്കും വെര്‍ച്വല്‍ ക്യൂ ദര്‍ശനം അനുവദിക്കുക. ഇത്തരം ദിവസങ്ങളില്‍ വൈകിട്ട് നാല്, അഞ്ച് മണികളിലെ രണ്ട് സ്ലോട്ടുകളിലായി 600 പേര്‍ക്ക് പ്രവേശനം ലഭിക്കും. ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ നിര്‍മാല്യ ദര്‍ശനവും ഭാവിയില്‍ ഓണ്‍ലൈന്‍ വഴി ക്രമീകരിക്കാന്‍ ഭരണസമിതി ആലോചിക്കുന്നുണ്ട്. ക്ഷേത്ര ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് വഴി ഭക്തര്‍ക്ക് തങ്ങളുടെ ദര്‍ശന സ്ലോട്ടുകള്‍ വളരെ എളുപ്പത്തില്‍ ബുക്ക് ചെയ്യാം.
