August 11, 2026

വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി : ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം

Share

 

ഡല്‍ഹി : കേന്ദ്രസർക്കാർ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (UPSC) നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (UPSC Recruitment 2026).

 

ആകെ 34 ഒഴിവുകളിലേക്കാണ് നിയമനം. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാനുള്ള നടപടികള്‍ ഓഗസ്റ്റ് 8ന് ആരംഭിച്ചു. ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട തസ്തികകള്‍ ഒഴികെയുള്ള ഒഴിവുകളിലേക്ക് ഓഗസ്റ്റ് 28 വൈകിട്ട് 6 മണിവരെയാണ് അപേക്ഷിക്കാനുള്ള സമയം. ലഡാക്കിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 4 ആണ്. യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് യു.പി.എസ്.സിയുടെ ഓണ്‍ലൈൻ റിക്രൂട്ട്മെന്റ് ആപ്ലിക്കേഷൻ പോർട്ടല്‍ വഴി അപേക്ഷിക്കാം.

 

പ്രധാന ഒഴിവുകള്‍

 

പോർട്സ്, ഷിപ്പിങ് ആൻഡ് വാട്ടർവേയ്‌സ് മന്ത്രാലയത്തിന് കീഴിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലൈറ്റ്‌ഹൗസസ് ആൻഡ് ലൈറ്റ്‌ഷിപ്പ്സില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവില്‍) – 1, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്‌ട്രോണിക്സ്) – 9 ഒഴിവുകളുണ്ട്. ഇതേ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് ഡയറക്ടർ (എൻജിനീയറിങ്) – 1 ഒഴിവുമുണ്ട്. നിയമ മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വിഭാഗത്തില്‍ സൂപ്പറിന്റൻഡന്റ് ട്രാൻസ്ലേഷൻ (ഹിന്ദി ബ്രാഞ്ച്) – 1 ഒഴിവാണ്.

ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ അറ്റ്ലസ് ആൻഡ് തീമാറ്റിക് മാപ്പിങ് ഓർഗനൈസേഷനില്‍ റിസർച്ച്‌ ഓഫീസർ – 11 ഒഴിവുകളുണ്ട്. ലഡാക്ക് ഭരണകൂടത്തിലെ ഹോർട്ടികള്‍ച്ചർ ഡിപ്പാർട്ട്മെന്റില്‍ ഹോർട്ടികള്‍ച്ചർ ഡെവലപ്മെന്റ് ഓഫീസർ – 4, അഗ്രികള്‍ച്ചർ ഡിപ്പാർട്ട്മെന്റിലെ കമാൻഡ് ഏരിയ ഡെവലപ്മെന്റില്‍ സോയില്‍ കണ്‍സർവേഷൻ അസിസ്റ്റന്റ് – 7 ഒഴിവുകളുമാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.വിദ്യാഭ്യാസ യോഗ്യതയും അപേക്ഷാ ഫീസും

 

തസ്തികകള്‍ക്കനുസരിച്ച്‌ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും വ്യത്യാസപ്പെടും. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവില്‍) തസ്തികയ്ക്ക് അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള സിവില്‍ എൻജിനീയറിങ് ബിരുദവും നിർദേശിച്ച പ്രവൃത്തിപരിചയവും ആവശ്യമാണ്. റിസർച്ച്‌ ഓഫീസർ തസ്തികയ്ക്ക് ജിയോഗ്രഫി, ജിയോളജി, ജിയോസ്പേഷ്യല്‍ ടെക്നോളജി, ജിഐഎസ് ആൻഡ് റിമോട്ട് സെൻസിങ് തുടങ്ങിയ അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നിശ്ചിത പ്രവൃത്തിപരിചയവും വേണം. ഹോർട്ടികള്‍ച്ചർ ഡെവലപ്മെന്റ് ഓഫീസർ തസ്തികയ്ക്ക് ഹോർട്ടികള്‍ച്ചർ സയൻസ് അല്ലെങ്കില്‍ അഗ്രികള്‍ച്ചർ സയൻസില്‍ ബിരുദമാണ് യോഗ്യത; ഈ ഒഴിവ് ലഡാക്കിലെ അർഹരായ ഡൊമിസൈല്‍ വിഭാഗക്കാർക്കുള്ളതാണ്.

സ്ത്രീകള്‍, എസ്.സി, എസ്.ടി, PwBD വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് അപേക്ഷകർ 25 രൂപ ഫീസ് അടയ്ക്കണം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യു.പി.ഐ, ഇന്റർനെറ്റ് ബാങ്കിങ് എന്നിവ വഴി ഫീസ് അടയ്ക്കാം. ഒബിസി, ഇഡബ്ല്യുഎസ്, ജനറല്‍ വിഭാഗങ്ങളിലെ പുരുഷ ഉദ്യോഗാർഥികള്‍ക്ക് ഫീസ് ഇളവില്ല.എങ്ങനെ അപേക്ഷിക്കാം?

 

യോഗ്യതയുള്ളവർ യു.പി.എസ്.സിയുടെ ഓണ്‍ലൈൻ റിക്രൂട്ട്മെന്റ് ആപ്ലിക്കേഷൻ പോർട്ടല്‍ വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് വിശദമായ വിജ്ഞാപനവും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിക്കണം. തിരിച്ചറിയല്‍ പരിശോധനയ്ക്കായി ആധാർ ഉപയോഗിക്കാൻ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് കമ്പ്യൂട്ടർ അധിഷ്ഠിത ഷോർട്ട്‌ലിസ്റ്റിങ്ങില്‍ അപേക്ഷ തള്ളപ്പെടുന്നതിനും കമ്മിഷൻ നിശ്ചയിക്കുന്ന കാലയളവില്‍ വിലക്കിനും കാരണമാകാം. അതിനാല്‍ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വിവരങ്ങളും രേഖകളും കൃത്യമായി പരിശോധിക്കണം.

 

 


Share
Copyright © All rights reserved. | Newsphere by AF themes.