രക്തസമ്മര്‍ദ്ദത്തിനും ഫംഗല്‍ അണുബാധയ്ക്കുമുള്ള മരുന്നുകള്‍ കാൻസര്‍ പട്ടികയില്‍ ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേഷണ വിഭാഗമായ ഐ.എ.ആർ.സി. (IARC) മൂന്ന് പ്രധാന മരുന്നുകളെ കാർസിനോജെനിക് അഥവാ കാൻസറിന് കാരണമാകുന്ന ഗ്രൂപ്പ് 1 പട്ടികയില്‍ ഉള്‍പ്പെടുത്തി. രക്തസമ്മർദ്ദം, ഫംഗല്‍ അണുബാധകള്‍, അവയവദാനം എന്നിവയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളാണ് ഈ പട്ടികയിലുള്ളത്. ഹൈഡ്രോക്ലോറോത്തിയസൈഡ്, വോറിക്കോണസോള്‍, ടാക്രോളിമസ് എന്നീ മരുന്നുകളാണ് പുതിയ വിലയിരുത്തലിന്റെ ഭാഗമായി നിരീക്ഷണത്തിലുള്ളത്.
ഉയർന്ന രക്തസമ്മർദ്ദത്തിന് നല്‍കുന്ന ഹൈഡ്രോക്ലോറോത്തിയസൈഡ് ദീർഘകാലം ഉപയോഗിക്കുന്നത് ചർമ്മത്തിലും ചുണ്ടുകളിലും കാണപ്പെടുന്ന സ്ക്വാമസ് സെല്‍ കാർസിനോമ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സൂര്യപ്രകാശത്തോടുള്ള ചർമ്മത്തിന്റെ സംവേദനക്ഷമത വർദ്ധിപ്പിച്ച് ഡി.എൻ.എ തകരാറുകള്‍ക്ക് കാരണമാകുന്നതിലൂടെയാണ് ഈ പാർശ്വഫലമുണ്ടാകുന്നത്.അതുപോലെ ഫംഗല്‍ അണുബാധകള്‍ക്കുള്ള വോറിക്കോണസോള്‍ സ്കിൻ കാർസിനോമ സാധ്യതയും, അവയവമാറ്റ മാറ്റിവെക്കലിനുശേഷം ശരീരത്തിന്റെ പ്രതിരോധശേഷി നിയന്ത്രിക്കാൻ നല്‍കുന്ന ടാക്രോളിമസ് നോണ്‍-ഹോഡ്ജ്കിൻ ലിംഫോമ സാധ്യതയും കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ മരുന്നുകള്‍ കഴിക്കുന്നവർ സൂര്യപ്രകാശത്തില്‍ നിന്ന് ചർമ്മത്തിന് കൃത്യമായ സംരക്ഷണം നല്‍കുക, സണ്‍സ്ക്രീൻ ഉപയോഗിക്കുക, പതിവായി ചർമ്മ പരിശോധനകള്‍ നടത്തുക തുടങ്ങിയ മുൻകരുതലുകളിലൂടെ അപകടസാധ്യത ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.എന്നാല്‍ ജീവന് ഭീഷണിയായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളായതിനാല്‍, യാതൊരു കാരണവശാലും സ്വയം തീരുമാനമെടുത്ത് ഇവ കഴിക്കുന്നത് നിർത്തരുതെന്നും ആരോഗ്യവിദഗ്ധർ കർശന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
