July 31, 2026

നാട്ടുകാരെ കടിച്ചു കീറുന്ന തെരുവുനായ്ക്കള്‍ക്ക് ഇനി ദയാവധം : സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കാൻ കേരളം  

Share

 

തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതത്തിന് വൻ ഭീഷണിയായ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ സുപ്രധാന നിർദ്ദേശങ്ങള്‍ നടപ്പിലാക്കാൻ ഒരുങ്ങി കേരള സർക്കാർ.

 

ജനങ്ങള്‍ക്ക് കടുത്ത ഭീഷണിയുയർത്തുന്നതും അപകടകാരികളുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീംകോടതി ഉത്തരവാണ് സംസ്ഥാനത്ത് പ്രായോഗികമാക്കുന്നത്.

 

ഇതിന്റെ ഭാഗമായി മനുഷ്യർക്ക് ഭീഷണിയാകുന്ന നായ്ക്കളെ കൊന്നൊടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സർക്കാർ പൂർണ്ണ അനുമതി നല്‍കി. ഇതിനായുള്ള പ്രാഥമിക പ്രോട്ടോക്കോള്‍ ആഭ്യന്തര-തദ്ദേശ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കിക്കഴിഞ്ഞു.

 

തെരുവുനായ നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കാൻ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഏതൊക്കെ നായ്ക്കളെയാണ് കൊല്ലേണ്ടതെന്ന് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം ഈ പ്രത്യേക സമിതികള്‍ക്കായിരിക്കും.അതോടൊപ്പം തന്നെ, അലഞ്ഞുതിരിയുന്ന നായ്ക്കളെ പാർപ്പിക്കുന്നതിനായുള്ള വലിയ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാൻ അടിയന്തരമായി സ്ഥലം കണ്ടെത്താൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ കർശന നിർദ്ദേശം നല്‍കും.

 

തെരുവുനായ്ക്കള്‍ക്ക് പൊതുസ്ഥലങ്ങളില്‍ തോന്നിയതുപോലെ ഭക്ഷണം നല്‍കുന്ന രീതിക്ക് അറുതി വരുത്താനും ഇതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.

 

വളർത്തുനായ്ക്കളെ സംരക്ഷിക്കുന്നവർക്കും പുതിയ തീരുമാനപ്രകാരം കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളർത്തുന്നുണ്ടെങ്കില്‍ ആ വീടുകളെ ഷെല്‍ട്ടറുകളായി പരിഗണിക്കുന്ന രീതിയാണ് വരുന്നത്.ഇത്തരം വീടുകള്‍ക്ക് പ്രത്യേക ‘സ്മോള്‍-ഷെല്‍ട്ടർ ലൈസൻസ്’ എടുക്കല്‍ നിർബന്ധമാക്കും. തെരുവുനായ്ക്കളുടെ അക്രമത്തില്‍ നിരപരാധികളായ മനുഷ്യരും കുട്ടികളും തെരുവില്‍ ചോരചിന്തുന്ന പശ്ചാത്തലത്തില്‍, സുപ്രീംകോടതി വിധിയുടെ മറപിടിച്ച്‌ കടുത്ത പ്രതിരോധ നടപടികളിലൂടെ നായശല്യത്തിന് അറുതി വരുത്താനാണ് സർക്കാർ ഈ അടിയന്തര നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.