അര്‍ജന്റീനയോട് പൊരുതി വീണ് കേപ് വെര്‍ദെ : കൊളംബിയയും ഈജിപ്റ്റും പ്രീ ക്വാർട്ടറിൽ
പൊരുതി വീണ് കേപ് വെര്‍ദെ, എക്സ്ട്രാ ടെെമില്‍ രക്ഷപെട്ട് അര്‍ജന്റീന
ഫിഫ ലോകകപ്പ് 2026 റൗണ്ട് 32ല്‍ കേപ് വെർദെയെ 3-2ന് തോല്‍പ്പിച്ച് അർജന്റീന. അവസാന സമയംവരെ പൊരുതിയ കേപ് വെർദെ എക്സ്ട്രാ ടെെമിലാണ് തോല്‍വി നേരിട്ടത്.
ലയണല്‍ മെസി ഗോളടിച്ചും അടുപ്പിച്ചും മികവ് കാട്ടിയ മത്സരത്തില്‍ കേപ് വെർദെക്ക് ജയിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. എങ്കിലും ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായി ഇതിനെ വാഴ്ത്തപ്പെടുമെന്നുറപ്പാണ്.
4-4-2 ഫോർമേഷനില്‍ ഇറങ്ങിയ അർജന്റീനയെ 4-1-4-1 ഫോർമേഷനിലാണ് കേപ് വെർദെ നേരിട്ടത്. പ്രതിരോധത്തില്‍ കരുത്തുകാട്ടിയതോടൊപ്പം ആക്രമണത്തിലും ഭേദപ്പെട്ട് നില്‍ക്കാൻ കേപ് വെർദെക്ക് സാധിച്ചു. ഏഴാം മിനുട്ടില്‍ കേപ് വെർദെയുടെ റയാൻ മെൻഡിസിന്റെ മുന്നേറ്റം പ്രതിരോധം തടുത്തു.
14ാം മിനുട്ടില്‍ ലയണല്‍ മെസിയുടെ മുന്നേറ്റം. ബോക്സിനുള്ളില്‍ നിന്നുള്ള മെസിയുടെ ദുർബല ഷോട്ട് പുറത്തേക്ക് പോയി. 18ാം മിനുട്ടില്‍ ബോക്സിന് പുറത്ത് നിന്ന് അർജന്റീനക്ക് അനുകൂലമായി ഫ്രീ കിക്ക്. കിക്കെടുത്ത ലയണല്‍മെസിയുടെ ഷോട്ട് കേപ് വെർദെ ഗോളി വൊസീഞ്ഞ അനായാസം കെെയിലൊതുക്കി. തൊട്ടടുത്ത മിനുട്ടിലും അർജന്റീന മുന്നേറ്റം.
മൊളീനയുടെ പാസില്‍ നിന്ന് മെസിയുടെ ഷോട്ട് വൊസീഞ്ഞ വീണ്ടും തടുത്തു. നാല് താരങ്ങള്‍ കേപ് വെർദെ പ്രതിരോധത്തില്‍ കോട്ടകെട്ടിയത് അർജന്റീനക്ക് വെല്ലുവിളിയാവുന്നു. 25ാം മിനുട്ടില്‍ ഡീപോള്‍ ബോക്സിലേക്ക് നല്‍കിയ പാസ് കേപ് വെർദെ പ്രതിരോധത്തില്‍ തട്ടി തകർന്നു. 28ാം മിനുട്ടില്‍ അർജന്റീന ലീഡെടുത്തു. ലയണല്‍ മെസിയുടെ ഗോളിലാണ് അർജന്റീന മുന്നിലെത്തിയത്.
മധ്യത്തില്‍ നിന്ന് ലിസാൻഡ്രോ മാർട്ടിനെസിന്റെ ലോങ് പാസിനെ നിയന്ത്രണത്തിലാക്കി മെസി തൊടുത്ത ഷോട്ട് കേപ് വെർദെ പ്രതിരോധത്തേയും ഗോളി വൊസീഞ്ഞയേയും മറികടന്ന് വലയിലേക്ക്.
32ാം മിനുട്ടില്‍ അർജന്റീനയുടെ മുന്നേറ്റം. പക്ഷെ കേപ് വെർദെ പ്രതിരോധം തടുത്തു. 37ാം മിനുട്ടില്‍ കേപ് വെർദെയുടെ മുന്നേറ്റം.
സ്റ്റീവൻ മൊറെയ്റയുടെ ലോങ് ഷോട്ട് പോസ്റ്റിന് മുകളിലൂടെ പോയി. 45ാം മിനുട്ടില്‍ ഇൻസോ ഫെർണാണ്ടസിലൂടെ അർജന്റീനയുടെ മുന്നേറ്റം. എന്നാല്‍ ഷോട്ട് വൊസീഞ്ഞ തടുത്തു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡ് നിലനിർത്താൻ അർജന്റീനക്ക് സാധിച്ചു.
47ാം മിനുട്ടില്‍ കേപ് വെർദെ മുന്നേറ്റം കണ്ടെങ്കിലും അർജന്റീന പ്രതിരോധത്തെ ഭേദിക്കാനാവുന്നില്ല. 49ാം മിനുട്ടില്‍ കേപ് വെർദെയുടെ ജൊവാൻ കബ്രാലിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. 52ാം മിനുട്ടില്‍ മെസിയുടെ ലോങ് പാസ് കേപ് വെർദെ ബോക്സിലേക്കെത്തുന്നു. എന്നാല്‍ പന്ത് പിടിച്ചെടുക്കാൻ മോളിനക്ക് സാധിക്കാതെ പോകുന്നു. 54ാം മിനുട്ടില്‍ ഡിറോയ് ഡുറാറ്റേയുടെ ഷോട്ട് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് തടുത്തു.
തുടർച്ചയായി ആക്രമണം നടത്തിയ കേപ് വെർദെ 59ാം മിനുട്ടില്‍ ഗോള്‍ മടക്കി. റയാൻ മെൻഡസിന്റെ ഗോളിലാണ് കേപ് വെർദെ സമനില പിടിച്ചത്. പാസുകളിലൂടെയുള്ള കേപ് വെർദെയുടെ മുന്നേറ്റമാണ് ഗോളായി മാറിയത്. 62ാം മിനുട്ടില്‍ മെസിയുടെ മുന്നേറ്റം. എന്നാല്‍ മെസിയുടെ ഷോട്ട് വൊസീഞ്ഞ തടുത്തു. 66ാം മിനുട്ടില്‍ അർജന്റീനയുടെ ശ്രമം. എന്നാല്‍ എൻസോ ഫെർണാണ്ടസിന്റെ ശ്രമം ലക്ഷ്യത്തിലേക്കെത്തുന്നില്ല.
67ാം മിനുട്ടില്‍ ബോക്സിന് പുറത്തുവെച്ച് മെസിയെ ഫൗള്‍ ചെയ്തതിന് അർജന്റീനക്ക് ഫ്രീകിക്ക്. എന്നാല്‍ മെസിയുടെ ഫ്രീകിക്ക് പ്രതിരോധം തടുത്തു. 71ാം മിനുട്ടില്‍ ബോക്സിന് തൊട്ട് പുറത്ത് മെസിയെ വീഴ്ത്തിയതിന് വീണ്ടും അർജന്റീനക്ക് ഫ്രീകിക്ക്. മെസിയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് വൊസീഞ്ഞ മനോഹരമായി സേവ് ചെയ്തു. 77ാം മിനുട്ടില്‍ കേപ് വെർദെക്ക് അനുകൂലമായി ഫ്രീകിക്ക്. കെവിൻ ലെനിനിയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക്. 80ാം മിനുട്ടില്‍ അർജന്റീനയുടെ ശ്രമം പ്രതിരോധം തകർക്കുന്നു.
86ാം മിനുട്ടില്‍ അലെക്സിസ് മാക് അലിസ്റ്ററിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. 87ാം മിനുട്ടിലെ മെസിയുടെ കോർണർ വൊസീഞ്ഞ തട്ടിയകറ്റി. ഇഞ്ചുറി ടെെമിന്റെ മൂന്നാം മിനുട്ടില്‍ ബോക്സിന് പുറത്തുവെച്ച് മെസിയെ വീഴ്ത്തിയതിന് അർജന്റീനക്ക് ഫ്രീകിക്ക്. എന്നാല്‍ മെസിയുടെ ഷോട്ട് വൊസീഞ്ഞ തടുത്തു. നിശ്ചിത സമയം പൂർത്തിയാവുമ്പോള്‍ ഇരു ടീമും 1-1 സമനില പങ്കിട്ടതോടെ മത്സരം എക്സ്ട്രാ ടെെമിലേക്ക്.
93ാം മിനുട്ടില്‍ അർജന്റീനക്ക് ലീഡ്. കോർണറില്‍ നിന്ന് മെസി ബോക്സിലേക്ക് നല്‍കിയ ക്രോസിനെ ലിസാൻഡ്രോ മാർട്ടിനെസ് വലയിലെത്തിക്കുന്നു. കേപ് വെർദെയുടെ പ്രതിരോധത്തിലെ വീഴ്ച്ചയില്‍ നിന്നാണ് ഈ ഗോള്‍. തിരിച്ചടിക്കാൻ കിണഞ്ഞ് പരിശ്രമിച്ച കേപ് വെർദെ 103ാം മിനുട്ടില്‍ സമനില പിടിച്ചു. സിഡ്നി ലോപ്പസ് കാർബലിന്റെ കെർവിങ് ഷോട്ട് എമിലിനായോ മാർട്ടിനെസിനേയും മറികടന്ന് അർജന്റീന പോസ്റ്റിലേക്ക്. ഇതോടെ 2-2 എന്ന നിലയിലേക്ക്.
105ാം മിനുട്ടില്‍ മെസിയുടെ ഷോട്ട് വൊസീഞ്ഞ തടുത്തു. 11ാം മിനുട്ടില്‍ അർജന്റീന ലീഡെടുത്തു. കോർണർ കിക്കെടുത്ത മെസി പന്ത് ബോക്സിലേക്ക് നല്‍കിയപ്പോള്‍ ക്രിസ്റ്റ്യൻ റൊമേറയുടെ ഹെഡ്ഡർ ഗോളില്‍ അർജന്റീന മുന്നിലേക്ക്. എന്നാല്‍ ഇത് ഡിനെ ബോർജസിന്റെ തലയില്‍ കൊണ്ടാണ് ബോക്സില്‍ കയറിയത് എന്നതിനാല്‍ സെല്‍ഫ് ഗോള്‍ വിധിക്കപ്പെട്ടു. പിന്നീട് ഗോള്‍ മടക്കാൻ കേപ് വെർദെക്ക് സാധിക്കാതെ പോയതോടെ അർജന്റീനക്ക് 3-2ന്റെ ത്രില്ലിങ് ജയം.
ഘാനയെ തോല്‍പ്പിച്ച് ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16 സ്ഥാനം നേടി കൊളംബിയ
കൻസസ് സിറ്റി സ്റ്റേഡിയത്തില്‍ ഘാനയെ 1-0 ന് പരാജയപ്പെടുത്തി കൊളംബിയ ഫിഫ ലോകകപ്പ് 2026 റൗണ്ട് ഓഫ് 16 ല്‍ അവസാന സ്ഥാനം ഉറപ്പിച്ചു. മത്സരം തുടങ്ങി എട്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്‌ട്രൈക്കർ ജോണ്‍ കോർഡോബ പരിക്കേറ്റ് പുറത്തായപ്പോള്‍ തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടെങ്കിലും, കൊളംബിയ ശക്തമായി പ്രതികരിച്ചു. മുഖ്യ പരിശീലകൻ നെസ്റ്റർ ലോറെൻസോ ലൂയിസ് സുവാരസിനെ പകരക്കാരനായി പരിചയപ്പെടുത്തി, പകരക്കാരൻ ഉടനടി സ്വാധീനം ചെലുത്തി. 14-ാം മിനിറ്റില്‍, ഡാനിയേല്‍ മുനോസ് വേഗത്തിലുള്ള ആക്രമണ നീക്കം ആരംഭിച്ചു, തുടർന്ന് സുവാരസ് ജോണ്‍ ഏരിയസിനായി കൃത്യമായ ക്രോസ് നല്‍കി ജോണ്‍ ഏരിയാസിനെ ക്ലോസ് റേഞ്ചില്‍ നിന്ന് ഫിനിഷ് ചെയ്തു, ഇത് കൊളംബിയയ്ക്ക് മത്സരത്തിലെ ഏക ഗോള്‍ നേടിക്കൊടുത്തു. കൊളംബിയ അവരുടെ അപരാജിത പ്രകടനം നിലനിർത്തുകയും നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തതിനാല്‍ ആദ്യകാല സ്‌ട്രൈക്ക് മതിയായിരുന്നു.കൊളംബിയ തുടക്കം മുതല്‍ അവസാനം വരെ മത്സരത്തില്‍ ആധിപത്യം പുലർത്തി, 62 ശതമാനം പൊസഷനും 90 ശതമാനം പാസുകളും പൂർത്തിയാക്കി, ഘാനയെ നിരന്തരം സമ്മർദ്ദത്തിലാക്കി. മത്സരത്തിനിടെ 20 ഷോട്ടുകള്‍ നേടി ദക്ഷിണ അമേരിക്കൻ ടീം നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. ലൂയിസ് ഡയസ് സ്ഥിരം ഭീഷണിയായി തുടർന്നു, 56-ാം മിനിറ്റില്‍ മികച്ച ഫിനിഷിലൂടെ ലീഡ് ഇരട്ടിയാക്കിയെന്ന് കരുതി, എന്നാല്‍ VAR റിവ്യൂവില്‍ ഓഫ്‌സൈഡ് ലംഘനം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഗോള്‍ ഒഴിവാക്കപ്പെട്ടു. മറുവശത്ത്, കൊളംബിയയുടെ അച്ചടക്കമുള്ള പ്രതിരോധം കളിയെ പൂർണ്ണമായും നിയന്ത്രിച്ചു, ഘാനയെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും രേഖപ്പെടുത്തുന്നതില്‍ നിന്ന് തടഞ്ഞു, മത്സരത്തിലുടനീളം ആഫ്രിക്കൻ ടീമിന്റെ ആക്രമണ അവസരങ്ങള്‍ പരിമിതപ്പെടുത്തി.ഘാനയുടെ ഏറ്റവും മികച്ച പ്രകടനം ഗോള്‍കീപ്പർ ലോറൻസ് ആറ്റി സിഗി ആയിരുന്നു, കൊളംബിയയുടെ തുടർച്ചയായ ആക്രമണങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്റെ ഏഴ് പ്രധാന സേവുകള്‍ ടീമിനെ മത്സരത്തില്‍ നിലനിർത്തി. എന്നിരുന്നാലും, കൊളംബിയയുടെ സമ്മർദ്ദകരമായ ഗെയിമിനെ മറികടക്കാൻ ഘാനയുടെ മധ്യനിര പാടുപെട്ടു, ഫോർവേഡുകള്‍ക്ക് മതിയായ പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെട്ടു. അവസാന ഘട്ടങ്ങളില്‍ മത്സരം കൂടുതല്‍ ശാരീരികമായി മാറി, ഘാനയ്ക്ക് മൂന്ന് മഞ്ഞ കാർഡുകള്‍ ലഭിച്ചു, കൊളംബിയയ്ക്ക് രണ്ട് മഞ്ഞ കാർഡുകള്‍ ലഭിച്ചു. ഈ വിജയം കൊളംബിയയെ റൗണ്ട് ഓഫ് 16 ലേക്ക് അയയ്ക്കുന്നു, അവിടെ അവർ ജൂലൈ 7 ന് വാൻകൂവറില്‍ സ്വിറ്റ്‌സർലൻഡിനെ നേരിടും, അതേസമയം കൊളംബിയയുടെ സംഘടിത പ്രതിരോധത്തെ മറികടക്കാൻ കഴിയാത്തതിനാല്‍ ഘാനയുടെ ലോകകപ്പ് കാമ്പെയ്ൻ അവസാനിക്കുന്നു.
ഷൂട്ടൗട്ടില്‍ നെഞ്ച് തകര്‍ന്ന് ഓസ്ട്രേലിയ; ഈജിപ്റ്റ് പ്രീ-ക്വാര്‍ട്ടറില്‍
നാടകീയതയും തർക്കങ്ങളും കനത്ത പോരാട്ടവും നിറഞ്ഞ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ ഓസ്ട്രേലിയയ്ക്ക് കണ്ണീർ മടക്കം.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 1-1 ന് സമനില പാലിച്ചതിനെത്തുടർന്ന് നടന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ തകർത്ത് ഈജിപ്റ്റ് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഷൂട്ടൗട്ടില്‍ ഈജിപ്റ്റ് എടുത്ത നാല് കിക്കുകളും വലയിലെത്തിച്ചപ്പോള്‍, ഓസ്ട്രേലിയയുടെ ഹാരി സൗട്ടറും ലൂക്കാസ് ഹെറിംഗ്ടണും കിക്കുകള്‍ ക്രോസ്ബാറിന് മുകളിലേക്ക് അടിച്ചുകളഞ്ഞ് വില്ലന്മാരായി (4-2).
മത്സരത്തിന്‍റെ അവസാന മിനിറ്റുകളില്‍ കോച്ച് ടോണി പോപോവിച്ച് നടത്തിയ വൻ ഗോളി പരീക്ഷണം പരാജയപ്പെട്ടത് സോക്കറൂസിന് കടുത്ത തിരിച്ചടിയായി.
ഉറുഗ്വെക്കാരനായ റഫറി ഗുസ്താവോ ടെജേരയുടെ പല തീരുമാനങ്ങളും മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഓസ്ട്രേലിയൻ ക്യാംപില്‍ കടുത്ത അമർഷമുണ്ടാക്കി. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ഈജിപ്ഷ്യൻ പ്രതിരോധ താരം റാമി റാബിയ നടത്തിയ അപകടകരമായ ടാക്ലിങ്ങില്‍ ഓസ്ട്രേലിയയുടെ സൂപ്പർ താരം ജോർഡി ബോസിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റു. താരത്തെ സ്ട്രെച്ചറിലാണ് കളം മാറ്റിയത്. എന്നാല്‍, റഫറി റാബിയക്കെതിരെ ഒരു കാർഡ് പോലും പുറത്തെടുക്കാൻ റഫറി തയാറാകാതിരുന്നത് വലിയ തർക്കങ്ങള്‍ക്ക് കാരണമായി.
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഈജിപ്റ്റാണ് ആദ്യം മുന്നിലെത്തിയത്. എമാം അഷൂർ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. 18 കാരനായ ഓസ്ട്രേലിയൻ ഡിഫെൻഡർ ഹെറിങ്ടണിന് സംഭവിച്ച ചെറിയൊരു ഓഫ്‌സൈഡ് പിഴവാണ് ഈ ഗോളിന് വഴിവെച്ചത്. രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണോത്സുകമായി കളിച്ച ഓസ്ട്രേലിയ 55-ാം മിനിറ്റില്‍ സമനില പിടിച്ചു. എയ്ഡൻ ഒനീല്‍ എടുത്ത ഫ്രീക്കിക്ക് ബോക്സിലേക്ക് ഉയർന്നുവന്നപ്പോള്‍ ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹാനിക്ക് പന്ത് ക്ലിയർ ചെയ്യുന്നതില്‍ പിഴച്ചു. ഹാനിയുടെ തലയില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറിയതോടെ ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചെത്തി (1-1).
നിശ്ചിത സമയത്തിന്‍റെ അവസാന മിനിറ്റുകളില്‍ ലിവർപൂള്‍ ഇതിഹാസം മുഹമ്മദ് സലാഹ് നല്‍കിയ ക്രോസില്‍ റാമി റാബിയ ഉഗ്രനൊരു ഹെഡ്ഡർ ഉതിർത്തതാണ്. എന്നാല്‍, ഓസ്ട്രേലിയൻ ഗോളി പാട്രിക് ബീച്ച് ഒരു അവിശ്വസനീയമായ വണ്‍-ഹാൻഡ് രക്ഷപെടുത്തലിലൂടെ ടീമിനെ കാത്തു. തുടർന്ന് കളി അധിക സമയത്തേക്ക് നീണ്ടു.
അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. ഈ സമയത്താണ് കോച്ച് പോപോവിച്ച് ആ വലിയ ചൂതാട്ടം നടത്തിയത്. അതുവരെ മികച്ച ഫോമില്‍ കളിച്ച യുവഗോളി പാട്രിക് ബീച്ചിനെ പിൻവലിച്ച്, പരിചയസമ്പന്നനായ ഗോളി മാറ്റ് റയാനെ ഷൂട്ടൗട്ട് നേരിടാനായി കോച്ച് കളത്തിലിറക്കി.
പക്ഷേ, ആ തന്ത്രം ഫലം കണ്ടില്ല. ഈജിപ്ഷ്യൻ താരങ്ങള്‍ എടുത്ത കിക്കുകളില്‍ ഒന്നു പോലും റയാന് തടുക്കാനായില്ല. മൂന്നാമത്തെ കിക്ക് എടുത്ത ഈജിപ്റ്റ് നായകൻ മുഹമ്മദ് സലാഹ് മനോഹരമായ ഒരു ‘പാനെങ്ക’ ഷോട്ടിലൂടെ റയാനെ കീഴടക്കി ചരിത്രവിജയം ഉറപ്പിച്ചു.
