June 27, 2026

നിര്‍ത്തിയിട്ട കാറിലെ എയര്‍ബാഗ് അപ്രതീക്ഷിതമായി തുറന്ന് വന്ന് കഴുത്തിലും മുഖത്തുമടിച്ചു ; രക്തം വാര്‍ന്ന് 25കാരന് ദാരുണാന്ത്യം

Share

 

മുംബൈ : മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് അപ്രതീക്ഷിതമായി തുറന്ന് കഴുത്തില്‍ ഇടിച്ചതിനെ തുടർന്ന് യുവാവ് രക്തം വാര്‍ന്ന് മരിച്ചു. 25 കാരനായ മോഹിത് സോണിയാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനുള്ളില്‍ അപ്രതീക്ഷിതമായി എയര്‍ബാഗ് തുറക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ഇത് ആഴത്തിലുള്ള പരിക്കുകള്‍ക്കും മാരകമായ രക്തസ്രാവത്തിനും കാരണമാകുകയായിരുന്നു.

 

ബുധനാഴ്ച കാഷിമിര പ്രദേശത്തായിരുന്നു സംഭവം. കാര്‍ ഡീലറായ യുവാവ് 15 വര്‍ഷം പഴക്കമുള്ള കാറിനുള്ളില്‍ ഇരിക്കുമ്പോള്‍ സുരക്ഷാ സംവിധാനം (എയര്‍ബാഗ്) പെട്ടെന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എയര്‍ബാഗ് പെട്ടെന്ന് തുറന്നതിന്റെ ശക്തമായ ആഘാതത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും, വിദഗ്ദ്ധ വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പ് തന്നെ അമിതമായി രക്തം വാര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

 

പ്രാഥമിക അന്വേഷണങ്ങള്‍ പ്രകാരം, വാഹനം ഏറെ പഴക്കമുള്ളതാണെങ്കിലും ഔദ്യോഗിക രേഖകളില്‍ ഇതിന് ഇപ്പോഴും സാധുവായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

അതേസമയം സാങ്കേതിക റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് കാറിന്റെ മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ സംവിധാനങ്ങള്‍ സമഗ്രമായി പരിശോധിക്കാൻ റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസ് അധികാരികളെ വിളിക്കും. സുരക്ഷാ ഫീച്ചർ എങ്ങനെയാണ് തകരാറിലായതെന്ന് നിർണ്ണയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിലവില്‍ സംഭവങ്ങളുടെ കൃത്യമായ ക്രമം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

 


Share
Copyright © All rights reserved. | Newsphere by AF themes.