June 3, 2026

വിദ്യാര്‍ഥികളുടെ ബസ്സ് കണ്‍സെഷന്‍ കാര്‍ഡ് ഡിജിറ്റലാകുന്നു ; എംവിഡി ലീഡ്‌സ് ആപ്പിലൂടെ അപേക്ഷിക്കാം

Share

 

തിരുവനന്തപുരം : സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സെഷന്‍ കാര്‍ഡ് പൂര്‍ണമായും ഡിജിറ്റലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. എംവിഡി ലീഡ്‌സ് മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റും വഴിയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ, സ്വകാര്യ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവില്‍ ഉപയോഗിക്കുന്ന പേപ്പര്‍ കണ്‍സെഷന്‍ കാര്‍ഡിന് പകരമായാണ് ഡിജിറ്റല്‍ കാര്‍ഡ് എത്തുന്നത്. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആദ്യം എംവിഡി ലീഡ്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഓരോ സ്ഥാപനത്തിനും പ്രത്യേകം യൂസര്‍ നെയിമും പാസ്‌വേഡും അനുവദിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ എംവിഡി ലീഡ്‌സ് ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. മൊബൈല്‍ നമ്പര്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപ്‌ലോഡ് ചെയ്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

 

വിദ്യാര്‍ഥിയുടെ അപേക്ഷ ആദ്യം സ്ഥാപന മേധാവിക്ക് ലഭിക്കും. സ്ഥാപനത്തിന്റെ അംഗീകാരം ലഭിച്ച ശേഷം അപേക്ഷ ആര്‍ടിഒ ഓഫീസിലേക്ക് കൈമാറും. അവിടെ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹത ഉറപ്പാക്കിയാല്‍ ഡിജിറ്റല്‍ കണ്‍സെഷന്‍ കാര്‍ഡ് അനുവദിക്കും. അനുവദിച്ച കാര്‍ഡ് വിദ്യാര്‍ഥികള്‍ക്ക് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. യാത്രയ്ക്കിടെ ഇത് ബസ്സ് കണ്ടക്ടറെ കാണിച്ചാല്‍ മതിയാകും. ആവശ്യമെങ്കില്‍ പ്രിന്റൗട്ടായും ഉപയോഗിക്കാം.

 

കാര്‍ഡിലുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കാര്‍ഡിന്റെ യഥാര്‍ഥത, കാലാവധി, വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ എന്നിവ പരിശോധിക്കാന്‍ സാധിക്കും. വിദ്യാര്‍ഥിയുടെ പേര്, പഠിക്കുന്ന സ്ഥാപനം, വിലാസം, കോഴ്‌സ്, കാര്‍ഡിന്റെ കാലാവധി, ബന്ധപ്പെട്ട ആര്‍ടിഒ ഓഫീസ് പരിധി തുടങ്ങിയ വിവരങ്ങള്‍ ഡിജിറ്റല്‍ കാര്‍ഡില്‍ ഉള്‍പ്പെടും. പുതിയ സംവിധാനം പൂര്‍ണമായി നിലവില്‍ വരുന്നതുവരെ നിലവിലെ പേപ്പര്‍ കണ്‍സെഷന്‍ കാര്‍ഡ് തുടര്‍ന്നും ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

 

കെഎസ്‌ആര്‍ടിസി വിദ്യാര്‍ഥികള്‍ക്കായി നേരത്തെ തന്നെ കോണ്‍ടാക്‌ട്‌ലെസ് സ്മാര്‍ട്ട് കണ്‍സെഷന്‍ കാര്‍ഡ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ബസ്സ് ടിക്കറ്റിങ് മെഷീനുകളില്‍ ടാപ്പ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ കാര്‍ഡ്. പ്രതിമാസം 25 ദിവസത്തെ യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.