സ്വർണവിലയില്‍ ഇടിവ് : പവന് 440 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ ഉയർച്ചയ്ക്ക് പിന്നാലെയാണ് വില താഴ്ന്നത്.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്.
ഇന്ന് കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,395 രൂപയാണ്. ഇതോടെ ഒരു പവൻ (എട്ട് ഗ്രാം) സ്വർണത്തിന്റെ വില 1,15,160 രൂപയായി. ഇന്നലെ ഗ്രാമിന് 14,450 രൂപയും പവന് 1,15,600 രൂപയുമായിരുന്നു വില. ഒരു ദിവസത്തിനിടെ പവന് 440 രൂപയുടെ കുറവാണ് ഉണ്ടായത്.
18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഇന്നലെ ഗ്രാമിന് 11,940 രൂപയും പവന് 95,520 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,895 രൂപയായപ്പോള്‍ പവൻ വില 95,160 രൂപയായി. ഇതോടെ 18 കാരറ്റ് സ്വർണത്തിന് പവന് 360 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ ആഭരണ വിപണിയില്‍ വില കുറഞ്ഞത് വിവാഹ ആവശ്യങ്ങള്‍ക്കും നിക്ഷേപ ആവശ്യങ്ങള്‍ക്കും സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ആശ്വാസമാണ്. അതേസമയം, വില ഇപ്പോഴും ഉയർന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ വിപണി ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നത്.
കേരളത്തില്‍ വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ സ്വർണത്തിന് വെള്ളിയാഴ്ച ശക്തമായ പിന്തുണ ലഭിച്ചു. രണ്ട് മാസത്തിനിടയിലെ താഴ്ചയില്‍ നിന്ന് തിരിച്ചുകയറിയ സ്വർണം ഔണ്‍സിന് 4,500 ഡോളർ നിലവാരം മറികടന്ന് 4,539 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്. അമേരിക്കൻ ഡോളറിന്റെ മൂല്യം ഇടിഞ്ഞതും പശ്ചിമേഷ്യയിലെ അനിശ്ചിതത്വങ്ങളുമാണ് സ്വർണത്തിന് പിന്തുണ.
അതേസമയം ആഗോള വിപണിയില്‍ ഇനി സ്വർണ വില എങ്ങോട്ട് എന്നത് തന്നെയാമ് പ്രധാന ചോദ്യം. ക്രൂഡ് ഓയില്‍ വില ഉയരുന്നതും പണപ്പെരുപ്പ ആശങ്കകള്‍ വർധിക്കുന്നതും സാധാരണഗതിയില്‍ സ്വർണത്തിന് അനുകൂല ഘടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഊർജ്ജവില ഉയരുന്നത് ഗതാഗതം, ഉല്‍പ്പാദനം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലെ ചെലവ് വർധിപ്പിക്കുകയും പണപ്പെരുപ്പ സമ്മർദം ശക്തമാക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളില്‍ പണത്തിന്റെ മൂല്യം കുറയുമെന്ന ആശങ്കയില്‍ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് പതിവാണ്.
കൂടാതെ, ഇറാനുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പോലുള്ള ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ ദീർഘകാലം തുടരുകയാണെങ്കില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന് കൂടുതല്‍ ഡിമാൻഡ് ലഭിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ദീർഘകാലാടിസ്ഥാനത്തില്‍ ക്രൂഡ് ഓയില്‍ വിലക്കയറ്റവും പണപ്പെരുപ്പ ആശങ്കകളും സ്വർണത്തിന് അനുകൂല ഘടകങ്ങളായി തുടരാമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്വർണവിലയെ സമ്മർദത്തിലാക്കുന്ന ചില ഘടകങ്ങളും നിലനില്‍ക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില ഉയർന്ന് പണപ്പെരുപ്പം ശക്തമായാല്‍ അത് നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറല്‍ റിസർവ് ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് ഉയർത്തുകയോ ഉയർന്ന പലിശനിരക്കുകള്‍ കൂടുതല്‍ കാലം നിലനിർത്തുകയോ ചെയ്യാൻ സാധ്യതയുണ്ട്.
ഇത് സ്വർണത്തിന് പ്രതികൂലമാണ്. കാരണം സ്വർണം പലിശയോ മറ്റ് വരുമാനമോ നല്‍കുന്ന നിക്ഷേപമല്ല. പലിശനിരക്കുകള്‍ ഉയരുമ്പോള്‍ നിക്ഷേപകർ ബോണ്ടുകള്‍ പോലുള്ള വരുമാനം നല്‍കുന്ന നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ താല്‍പര്യം കാണിക്കും. അതേസമയം, ഉയർന്ന പലിശനിരക്കുകള്‍ ഡോളറിനെ ശക്തിപ്പെടുത്തുകയും അതുവഴി സ്വർണവിലയില്‍ സമ്മർദം സൃഷ്ടിക്കുകയും ചെയ്യും.
ഇതിനാലാണ് 2026-ല്‍ ഇറാനുമായി ബന്ധപ്പെട്ട സംഘർഷ സാഹചര്യങ്ങള്‍ക്കിടെ ചില ഘട്ടങ്ങളില്‍ എണ്ണവില ഉയർന്നിട്ടും സ്വർണവില അതേ വേഗത്തില്‍ ഉയരാതിരുന്നതായി വിപണി പ്രവണതകള്‍ കാണിക്കുന്നത്.
വിപണി വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം ഹ്രസ്വകാലത്ത് സ്വർണവിലയില്‍ വലിയ കുതിപ്പിനേക്കാള്‍ ചാഞ്ചാട്ടങ്ങളാണ് കൂടുതല്‍ പ്രതീക്ഷിക്കുന്നത്. പലിശനിരക്കുമായി ബന്ധപ്പെട്ട ആശങ്കകള്‍ തുടരുന്നതിനാല്‍ അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും വിലയില്‍ ഉയർച്ച-താഴ്ചകള്‍ ഉണ്ടായേക്കാം.
അതേസമയം ദീർഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പ സമ്മർദം തുടർന്നാല്‍ സ്വർണത്തിന് വീണ്ടും ശക്തമായ പിന്തുണ ലഭിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ പ്രതിസന്ധി ദീർഘകാലം തുടരുകയും എണ്ണവില ഉയർന്ന നിലയില്‍ തുടരുകയും ചെയ്താല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിലേക്കുള്ള ഒഴുക്ക് വർധിക്കുമെന്നാണ് വിലയിരുത്തല്‍.
ഇതിനാല്‍ കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, ആഗോള സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിവേഗം മാറുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും സ്വർണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ തുടരുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
