ഗുജറാത്തിനെ 92 റണ്‍സിന് തകർത്ത് ആര്‍സിബി ഫൈനലിൽ
ധരംശാല : ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രജത് പാട്ടിധാര്‍ കൊടുങ്കാറ്റായപ്പോള്‍ രാജകീയ ജയവുമായി നിലവിലെ ചാംപ്യന്‍മാരായ വമ്പന്‍ ജയത്തോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലിന്റൈ ഫൈനലിലേക്കു കുതിച്ചു.
തീര്‍ത്തും ഏകപക്ഷീയമായി മാറിയ ക്വാളിഫയര്‍ വണ്‍ പോരില്‍ മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെ 92 റണ്‍സിനാണ് ആര്‍സിബി മുക്കിയത്.
ആര്‍സിബിയുടെ സമഗ്രാധിപത്യത്തിനു മുന്നില്‍ അടിതെറ്റിയെങ്കിലും ജിടിയുടെ ഫൈനല്‍ മോഹങ്ങള്‍ പൂര്‍ണമായും അസ്തമിച്ചിട്ടില്ല. അവര്‍ക്കു മുന്നില്‍ ഇനിയൊരു അവസരം കൂടിയുണ്ട്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി ജിടിക്കു രണ്ടാം ക്വാളിഫയറില്‍ കളിക്കാം. ഇതില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.
സെമി ഫൈനലിനു തുല്യമായി ക്വാളിഫയര്‍ വണ്ണില്‍ ആര്‍സിബിയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു. കാരണം 255 റണ്‍സെന്ന ഇതുവരെ ആരും പ്ലേഓഫില്‍ ചേസ് ചെയ്തു ജയിച്ചിട്ടില്ലാത്ത കൂറ്റന്‍ ലക്ഷ്യമാണ് ജിടിക്കു നല്‍കിയത്.
പൊരുതാന്‍ പോലുമാവാതെ 19.3 ഓവറില്‍ 162 റണ്‍സില്‍ അവര്‍ കീഴടങ്ങി. രാഹുല്‍ തെവാട്ടിയയുടെ (68) ഫിഫ്റ്റിയാണ് ജിടിയുടെ പരാജയഭാരം കുറച്ചത്. 43 ബോളുകള്‍ നേരിട്ട അദ്ദേഹം എട്ടു ഫോറും നാലു സിക്‌സറുമടിച്ചു.
മറ്റാരും 30 റണ്‍സ് പോലും തികച്ചില്ല. പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ തന്നെ അഞ്ചു വിക്കറ്റിനു 51 റണ്‍സിലേക്കു കൂപ്പുകുത്തിയ ജിടി വന്‍ തോല്‍വി ഉറപ്പിച്ചിരുന്നു. ആര്‍സിബിക്കായി ജേക്കബ് ഡഫി മൂന്നു വിക്കറ്റെടുത്തപ്പോള്‍ റാസിഖ് സലാം ദര്‍, ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റും നേടി.
പാട്ടിധാര്‍ ഷോ
നായകന്‍ രജത് പാട്ടിധാറിന്റെ ഗംഭീര ഇന്നിങ്‌സാണ് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അഞ്ചു വിക്കറ്റിനു 254 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിച്ചത്. അര്‍ഹിച്ച സെഞ്ച്വറി തികയ്ക്കാനായില്ലെങ്കിലും അതിനേക്കാള്‍ മൂല്യമുള്ള ഇന്നിങ്‌സാണ് പാട്ടിധാര്‍ കളിച്ചത്. വെറും 33 ബോളില്‍ അദ്ദേഹം പുറത്താകാതെ വാരിക്കൂട്ടിയത് 93 റണ്‍സാണ്.
ഒമ്പതു കൂറ്റന്‍ സിക്‌സറുകളും അഞ്ചു ഫോറുകളും പാട്ടിധാറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 281.82 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം റണ്‍സ് വാരിക്കൂട്ടിയത്. വിരാട് കോലി (43), ക്രുനാല്‍ (43), ദേവ്ദത്ത് പടിക്കല്‍ (30) എന്നിവരും ടീം ടോട്ടലിലേക്കു മികച്ച സംഭാവനകള്‍ നല്‍കി.
ആര്‍സിബിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ടീം സ്‌കോര്‍ 21ല്‍ നില്‍ക്കെ വെങ്കടേഷ് അയ്യര്‍ (7 ബോളില്‍ 19) പുറത്തായി. രണ്ടാം വിക്കറ്റില്‍ കോലി- ദേവ്ദത്ത് ജോടി 38 ബോഴില്‍ 72 റണ്‍ണ് വാരിക്കൂട്ടിയത്. എന്നാല്‍ കോലിയെയും ദേവ്ദത്തിനെയും ഒരേ ഓവറില്‍ ജേസണ്‍ ഹോള്‍ഡര്‍ മടക്കിയപ്പോള്‍ ആര്‍സിബി ചെറുതായൊന്നു പതറി (94/3).
പക്ഷെ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാട്ടിധാര്‍ ഏറ്റെടുത്തതോടെ ജിടി പതറി. നാലാം വിക്കറ്റില്‍ പാട്ടിധാര്‍- ക്രുനാല്‍ ജോടി 45 ബോളില്‍ വാരിക്കൂട്ടിയ 95 റണ്‍സാണ് മല്‍സരം ജിടിയില്‍ നിന്നും തട്ടിയകറ്റിയത്. 17ാം ഓവറില്‍ ക്രുനാല്‍ മടങ്ങുമ്പോഴേക്കും ആര്‍സിബി ടോട്ടല്‍ 198ലെത്തിയിരുന്നു.
ടോസിനു ശേഷം ജിടി നായകന്‍ ശുഭ്മന്‍ ഗില്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു മാറ്റത്തോടെയാണ് ജിടി ഇറങ്ങിയത്. അര്‍ഷദ് ഖാന് പകരം കുല്‍വന്ത് കെജ്രോളിയ ടീമിലേക്കു വന്നു.
ഈ സീസണില്‍ ആര്‍സിബിയും ജിടിയും തമ്മില്‍ മുഖാമുഖം വന്ന മൂന്നാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ലീഗ് ഘട്ടത്തില്‍ ഇരുടീമുകളും ഓരോ ജയം വീതം പങ്കിടുകയായിരുന്നു.
ബെംഗളൂരുവിലെ ആദ്യപാദത്തില്‍ ആര്‍സിബി അഞ്ചു വിക്കറ്റിന്റെ വിജയമാണ് ആഘോഷിച്ചത്. എന്നാല്‍ ഹോം ഗ്രൗണ്ടിലെ രണ്ടാംപാദത്തില്‍ ജിടി കണക്കുതീര്‍ത്തു. നാലു വിക്കറ്റിന്റെ വിജയമാണ് അവര്‍ കൈക്കലാക്കിയത്.
പ്ലെയിങ് 11
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- വെങ്കടേഷ് അയ്യര്‍, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി, ജോഷ് ഹേസല്‍വുഡ്, റാസിഖ് സലാം ദാര്‍.
ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, നിഷാന്ത് സിന്ധു, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, കുല്‍വന്ത് ഖെജ്രോലിയ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
