സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിക്കുന്നു; ഇന്ന് പവന് കൂടിയത് 1560 രൂപ
സംസ്ഥാനത്തെ സ്വർണവിലയില്‍ വൻ കുതിച്ചുചാട്ടം. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇന്നലെ താഴ്ന്ന സ്വർണവില, ഇന്ന് ഒറ്റയടിക്ക് വർധിച്ചു.
ഇതോടെ സ്വർണം വാങ്ങാൻ കാത്തിരുന്നവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,560 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവൻ സ്വർണത്തിന്റെ വില 1,10,960 രൂപയായി ഉയർന്നു. ഇന്നലെ 1,09,400 രൂപയായിരുന്നു പവൻ നിരക്ക്.
ഗ്രാം വിലയിലും വലിയ മാറ്റമാണ് ഇന്ന് ദൃശ്യമായത്. പണിക്കൂലിയും നികുതിയും കൂടാതെയുള്ള ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്നലത്തെ 13,675 രൂപയില്‍ നിന്ന് 13,870 രൂപയിലെത്തി. ഏകദേശം 195 രൂപയുടെ വർധനവാണ് ഗ്രാമിന് മാത്രം ഉണ്ടായത്. മെയ് നാലിന് പവൻ വില 1,10,680 രൂപ വരെ പോയെങ്കിലും പിന്നീട് അത് 1,09,400 രൂപയിലേക്ക് താഴ്ന്നിരുന്നു. അവിടെ നിന്നാണ് ഇന്ന് വീണ്ടും വലിയൊരു മുന്നേറ്റം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയില്‍ പ്രകടമായ ഈ വലിയ ഏറ്റക്കുറച്ചിലുകള്‍ സാധാരണക്കാരെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്വർണം വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് നിലവിലെ ഈ വിലക്കയറ്റം. സ്വർണ വിപണിയിലെ ഈ അസ്ഥിരത വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.
