May 3, 2026

പഞ്ചാബിനെ നാലു വിക്കറ്റിന് തകർത്ത് ഹാട്രിക് ജയവുമായി ഗുജറാത്ത് : പ്ലേഓഫ് സാധ്യത കാത്തു

Share

 

അഹമ്മദാബാദ് : ഹാട്രിക് വിജയവുമായി ഐപിഎല്ലില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാായ ഗുജറാത്ത് ടൈറ്റന്‍സ്. ഹോംഗ്രൗണ്ടില്‍ കരുത്തരായ പഞ്ചാബ് കിങ്‌സിനെ അവര്‍ മലര്‍ത്തിയടിച്ചിരിക്കുകയാണ്. നാലു വിക്കറ്റിന്റെ ആവേശ വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും ആഘോഷിച്ചത്.

 

മറുഭാഗത്ത് ഈ സീസണില്‍ തോല്‍വറിയാത്ത ഏക ടീമെന്ന റെക്കോര്‍ഡ് ആഴ്ചകളോളം കാത്തുസൂക്ഷിച്ച ശേഷം തുടര്‍ച്ചയായ രണ്ടാം പരാജയമാണ് ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും നേരിട്ടത്. എങ്കിലും പോയിന്റ് പട്ടികയില്‍ പഞ്ചാബ് തന്നെയാണ് ഇപ്പോഴും തലപ്പത്ത്.

 

 

 

ബൗളിങ് മികവിലാണ് പഞ്ചാബിനു മൂക്കുകയറിട്ട് സ്വന്തം കാണികള്‍ക്കു മുന്നില്‍ ജിടി ജയിച്ചുകയറിയത്. 164 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത ലക്ഷ്യമാണ് ജിടിക്കു പഞ്ചാബ് നല്‍കിയത്.

 

എന്നാല്‍ സായ് സുദര്‍ശന്‍ (57) സീസണില്‍ വീണ്ടുമൊരു ഫിഫ്റ്റി കൂടി കുറിക്കുകയും വാഷിങ്ടണ്‍ സുന്ദര്‍ (40*) മികച്ച പിന്തുണയും നല്‍കിയപ്പോള്‍ ഒരു ബോള്‍ ശേഷിക്കെ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ ജിടി വിജയം കൈക്കലാക്കുകയും ചെയ്തു.

 

41 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും സായിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (5), ജോസ് ബട്‌ലര്‍ (26), നിഷാന്ത് സിന്ധു (15), രാഹുല്‍ തെവാട്ടിയ (2), ജേസണ്‍ ഹോള്‍ഡര്‍ (5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

 

രക്ഷകനായി സൂര്യാന്‍ഷ്

 

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട പഞ്ചാബ് കിങ്‌സ് ഒമ്പതു വക്കറ്റുകള്‍ നഷ്ടത്തിലാണ് 163 റണ്‍സിലെത്തിയത്. കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ മുന്‍നിര ഇത്തവണ വന്‍ ഫ്‌ളോപ്പായി മാറിയപ്പോള്‍ പഞ്ചാബിന്റെ മാനം കാത്തത് സൂര്യാന്‍ഷ് ഷെഡ്‌ഗെയാണ്.

 

ആറാം നമ്പറില്‍ ഇറങ്ങിയ താരത്തിന്റെ കൗണ്ടര്‍ അറ്റാക്കിങ് ഫിഫ്റ്റിയാണ് ടീമിനെ 150 കടത്തിയത്. 57 റണ്‍സെടുത്താണ് സൂര്യാന്‍ഷ് മടങ്ങിയത്. താരത്തിന്റെ കന്നി ഐപിഎല്‍ ഫിഫ്റ്റി കൂടിയാണിത്.

 

29 ബോളില്‍ അഞ്ചു കൂറ്റന്‍ സിക്‌സറും മൂന്നു ഫോറും സൂര്യാന്‍ഷിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മറ്റൊരു പ്രധാന സ്‌കോറര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ്. 31 ബോളില്‍ അഞ്ചു ഫോറും ഒരു സികസുമടക്കം 40 റണ്‍സെടുത്ത് താരം മടങ്ങി.

 

 

 

വലിയ ബാറ്റിങ് തകര്‍ച്ചയാണ് പഞ്ചാബിനു തുടക്കത്തില്‍ തന്നെ നേരിട്ടത്. ഒമ്പതാം ഓവറില്‍ അവര്‍ അഞ്ചു വിക്കറ്റിനു 47 റണ്‍സിലേക്കു കൂപ്പുകുത്തി. പ്രിയാന്‍ഷ് (2), പ്രഭ്‌സിമ്രന്‍ സിങ് (15), കൂപ്പര്‍ കോണ്‍ലി (ഗോള്‍ഡന്‍ ഡെക്ക്), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (19), നെഹാല്‍ വദേര (0) തുടങ്ങിയവരൊന്നും ബാറ്റിങില്‍ ക്ലിക്കായില്ല.

 

ഇതോടെ വലിയ പ്രതിസന്ധിയിലേക്കു വീണ പഞ്ചാബിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് സൂര്യാന്‍ഷ്- സ്റ്റോയ്‌നിസ് ജോടിയാണ്. ആറാം വിക്കറ്റില്‍ ഈ സഖ്യം 44 ബോളില്‍ 79 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ കൈപിടിച്ചുയര്‍ത്തി.

 

ഇതില്‍ 49 റണ്‍സും സൂര്യാന്‍ഷിന്റെ ബാറ്റില്‍ നിന്നായിരുന്നു. അഞ്ചിന് 47 റണ്‍സില്‍ ഒന്നിച്ച ജോടി വേര്‍പിരിഞ്ഞത് 126ല്‍ വച്ചാണ്. സൂര്യാന്‍ഷ് പുറത്തായ ശേഷം പിന്നീട് പഞ്ചാബിനു തുടരെ വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു.

 

നാലു വിക്കറ്റുകളെടുത്ത ജേസണ്‍ ഹോള്‍ഡറാണ് പഞ്ചാബ് ബാറ്റിങ് നിരയില്‍ നാശം വിതച്ചത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് ഐപിഎല്‍ പ്രകടനം കൂടിയാണിത്. മുഹമ്മദ് സിറാജും കാഗിസോ റബാഡയും രണ്ടു വീതം വിക്കറ്റുകള്‍ പങ്കിടുകയും ചെയ്തു.

 

ഈ സീസണില്‍ ഇരുടീമുകളും മുഖാമുഖം വന്ന രണ്ടാമത്തെ മല്‍സരയിരുന്നു ഇത്. നേരത്തേ പഞ്ചാബില്‍ നടന്ന ആദ്യ പാദത്തില്‍ മമൂന്നു വിക്കറ്റിന്റെ ആവേശോജ്വല ജയമാണ് പിബികെഎസ് സ്വന്തമാക്കിയത്.

 

പ്ലെയിങ് 11

 

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, നിശാന്ത് സിന്ധു, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, അര്‍ഷാദ് ഖാന്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, മാനവ് സുതാര്‍.

 

പഞ്ചാബ് കിങ്‌സ്- പ്രഭ്സിമ്രന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കോണ്‍ലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, സൂര്യാന്‍ഷ് ഷെഡ്ഗെ, നെഹാല്‍ വധേര, മാര്‍ക്കോ യാന്‍സണ്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.

 

 


Share
Copyright © All rights reserved. | Newsphere by AF themes.