എലിയെ കൊല്ലാന്‍ വിഷം വേണ്ട ; തുരത്താന്‍ വീട്ടിലെ ഈ സാധനങ്ങള്‍ മാത്രം മതി
വീടിനുള്ളിലെ എലിശല്യം ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. തുണികളും വില പിടിപ്പുള്ള രേഖകളും കടിച്ചു കീറുന്നതിനൊപ്പം മാരകമായ രോഗങ്ങള്ക്കും എലികള് കാരണമാകുന്നു.പലപ്പോഴും വിഷം വച്ചോ കെണി വച്ചോ എലികളെ കൊല്ലാനാണ് നാം ശ്രമിക്കാറുള്ളത്.
എന്നാല് എലികള് ചത്തു ചീഞ്ഞഴുകി വീടിനുള്ളില് ഉണ്ടാകുന്ന ദുര്ഗന്ധം അതിലേറെ ബുദ്ധിമുട്ടുണ്ടാക്കും. എങ്കില് പിന്നെ എലികളെ കൊല്ലാന് നില്ക്കാതെ അവയെ വീട്ടില് നിന്നും ഓടിച്ചാലോ? ഇതിനു പകരമായി എലികളെ വീട്ടില് നിന്നും അകറ്റാന് സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്ഗങ്ങള് എന്തൊക്കെയാണെന്നു നോക്കാം.
പുതിനയില –
എലികൾക്ക് ഏറ്റവും അസഹനീയമായ ഒന്നാണ് പുതിനയുടെ രൂക്ഷഗന്ധം. പുതിനയിലയോ അല്ലെങ്കില് ‘പെപ്പര്മിന്റ് ഓയില്’ പഞ്ഞിയില് മുക്കിയോ എലികള് വരാന് സാധ്യതയുള്ള മൂലകളില് വയ്ക്കുന്നതും അവയെ തുരത്താന് സഹായിക്കും.
കുരുമുളക്-
കുരുമുളകിന്റെ മണം എലികളുടെ ശ്വസനത്തെ ബാധിക്കുന്നതാണ്. എലികള് സ്ഥിരമായി എത്തുന്ന മാളങ്ങള്ക്ക് അരികിലോ വഴികളിലോ കുരുമുളക് പൊടി വിതറുന്നത് എലികള് ആ ഭാഗത്തേക്ക് വരുന്നത് തടയും
വെളുത്തുള്ളി-
വെളുത്തുള്ളി വെള്ളത്തിലിട്ട് തിളപ്പിച്ച് ആ ലായനി വീടിന്റെ പുറംഭാഗങ്ങളിലും എലി മാളങ്ങളിലും തളിക്കുന്നത് അവയുടെ വരവ് തടയും.
ഗ്രാമ്പൂ –
ഗ്രാമ്പൂവോ അല്ലെങ്കില് ഗ്രാമ്പൂവിന്റെ എണ്ണയോ ഉപയോഗിക്കുന്നത് എലികളെ അകറ്റി നിര്ത്താന് സഹായിക്കും.
കായം-
കായത്തിന്റെ രൂക്ഷമായ മണം എലികള്ക്ക് ഒട്ടും ഇഷ്ടമല്ല. കായം വെള്ളത്തില് കലക്കി മാളങ്ങള്ക്ക് സമീപം ഒഴിക്കുന്നത് എലികള് ആ സ്ഥലം വിട്ടു പോകാന് കാരണമാകും.
