April 18, 2026

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് തിരിച്ചടി ; സാമ്പത്തിക റാങ്കിംഗില്‍ താഴോട്ട് , അഞ്ചാം സ്ഥാനം നഷ്ടമായി

Share

 

ഡല്‍ഹി : അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) പുറത്തുവിട്ട 2026 ഏപ്രിലിലെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം നാമമാത്ര ജി ഡി പി അടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. ലോകത്തെ ഏറ്റവും വലിയ അഞ്ച് സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയില്‍ നിന്നാണ് ഇന്ത്യ ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

 

കഴിഞ്ഞ കുറച്ചു കാലമായി രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവാണ് ഈ റാങ്കിംഗ് മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ അമേരിക്ക 30 ട്രില്യണ്‍ ഡോളറിലധികം മൂല്യവുമായി ഒന്നാം സ്ഥാനത്തും ചൈന 19-20 ട്രില്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്തുമാണ്. ജർമ്മനി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ള മറ്റ് രാജ്യങ്ങള്‍. 4 ട്രില്യണ്‍ ഡോളറിന് തൊട്ടുമുകളിലാണ് നിലവില്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം.

 

രൂപയുടെ മൂല്യത്തകർച്ചയും ആഗോള സാഹചര്യങ്ങളും

 

ആഗോളതലത്തില്‍ ജി ഡി പി റാങ്കിംഗുകള്‍ കണക്കാക്കുന്നത് യു എസ് ഡോളർ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ വിനിമയ നിരക്കിലെ മാറ്റങ്ങള്‍ റാങ്കിംഗിനെ നേരിട്ട് ബാധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 80 കളില്‍ നിന്ന് 90 ലേക്ക് ഇടിഞ്ഞത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഡോളറിലുള്ള മൂല്യം കുറയാൻ കാരണമായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ ക്രൂഡ് ഓയില്‍ വില വർദ്ധിപ്പിച്ചതും ഡോളറിനായുള്ള ഡിമാൻഡ് കൂട്ടിയതും രൂപയ്ക്ക് മേല്‍ സമ്മർദ്ദമുണ്ടാക്കി. ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 90 ശതമാനത്തോളവും ഇറക്കുമതി ചെയ്യുന്നതിനാല്‍ എണ്ണവില വർദ്ധനവ് വിദേശ നാണയമൊഴുക്കിനെ സാരമായി ബാധിച്ചു.

 

സാമ്പത്തിക അടിത്തറ ശക്തം

 

റാങ്കിംഗില്‍ പിന്നോട്ട് പോയെങ്കിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറയില്‍ ബലഹീനതകളില്ലെന്ന് ഐ എം എഫ് വിലയിരുത്തുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളില്‍ 6.4 മുതല്‍ 6.5 ശതമാനം വരെ വളർച്ചയാണ് ഇന്ത്യക്ക് പ്രവചിക്കുന്നത്. ലോകത്തെ വേഗത്തില്‍ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുന്നു. ആഭ്യന്തര ഡിമാൻഡ്, പൊതു നിക്ഷേപം, സേവന മേഖലയിലെ കരുത്ത് എന്നിവയാണ് ഇന്ത്യയുടെ വളർച്ചാ ചാലകങ്ങള്‍. ജപ്പാൻ, യു കെ തുടങ്ങിയ രാജ്യങ്ങളുമായി വളരെ ചെറിയ വ്യത്യാസം മാത്രമാണ് ഇന്ത്യക്കുള്ളത് എന്നതിനാല്‍ വരും വർഷങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനം തിരിച്ചുപിടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.