വയനാട് പുനരധിവാസ ഫണ്ട് : ഒടുവിൽ കണക്കുകള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ്
വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്ക് പുറത്തുവിട്ട് കോണ്‍ഗ്രസ് . കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. രണ്ട് അക്കൗണ്ടുകളിലൂടെ 5.38 കോടി രൂപ ലഭിച്ചെന്നാണ് സണ്ണി ജോസഫ് വെളിപ്പെടുത്തിയത്.
കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുകളില്‍ ആരംഭിച്ച രണ്ട് ജോയിന്റ് അക്കൗണ്ടുകളിലാണ് 5,38,21,632 രൂപ ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് 1.05 കോടി രൂപ പിരിച്ചു നല്‍കി. എന്നാല്‍, ഭൂമി വാങ്ങാൻ ഇതിലധികം ചെലവായെന്നും ഇനി വീട് നിർമിക്കാനായി പാർട്ടി ഫണ്ടില്‍നിന്ന് പണം ചെലവഴിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഇനി ഫണ്ട് ശേഖരണമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുത്തത് മൂന്നേക്കർ 24.5 സെന്റ് ഭൂമിയാണ്. ഇതിനായി 3,68,36,388 രൂപ ചെലവായി. രണ്ടാംഘട്ടത്തില്‍ രണ്ടേക്കർ 18 സെന്റ് ഭൂമി വാങ്ങി. ഇതിനായി 2,50,30,272 രൂപയും ചെലവായി. കെപിസിസിയുടെ തനതുഫണ്ടില്‍നിന്ന് 97,51,212 രൂപ ചെലവഴിച്ചു. രജിസ്‌ട്രേഷനടക്കമുള്ള നടപടികള്‍ക്കായി ഇനി വേണ്ടത് 73,90,985 രൂപയാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
