വൃക്കരോഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

മാനന്തവാടി : വൃക്കരോഗം ബാധിച്ച യുവാവ് പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം തേടുന്നു. എടവക കമ്മന മങ്ങാട്ട് എം.ആർ. രതീഷാണ്(40) ചികിത്സയ്ക്കു പണമില്ലാത്തതിനാൽ പ്രയാസപ്പെടുന്നത്. ബാർബർ തൊഴിലാളിയായ രതീഷിന് രോഗം ബാധിച്ചതോടെ ജോലിക്കുപോകാൻ സാധിക്കാതായി. മാനന്തവാടി കൂവളമൊട്ടംകുന്നിലാണ് രതീഷ് ഇപ്പോൾ താമസിക്കുന്നത്. ആഴ്ചയിൽ നാലുതവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്.
വൃക്കമാറ്റിവെക്കൽ മാത്രമാണ് രതീഷിന്റെ ജീവൻ നിലനിർത്താനുള്ള ഏക പോംവഴി. വൃക്ക നൽകാൻ ബന്ധു സമ്മതമറിയിച്ചിട്ടുണ്ട്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള സാമ്പത്തികഭദ്രത ഇവരുടെ കുടുംബത്തിനില്ല. അച്ഛനും അമ്മയും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന നിർധനകുടുംബമാണ് രതീഷിന്റേത്. അച്ഛൻ മരത്തിൽ നിന്നുവീണ് പരിക്കേറ്റതിനാൽ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കില്ല. പ്രമേഹ രോഗിയായ അമ്മയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. രതീഷിന്റെ ചികിത്സയ്ക്കുള്ള പണം സമാഹരിക്കുന്നതിനായി എടവക ഗ്രാമപഞ്ചാത്തംഗം സി.എം. സന്തോഷ് ചെയർമാനും എം.പി. ശശികുമാർ കൺവീനറുമായി ചികിത്സാസഹായക്കമ്മിറ്റി രൂപവത്കരിച്ചു.
കനറാബാങ്ക് മാനന്തവാടി ശാഖയിൽ 110269661335 നമ്പർ (ഐഎഫ്എസ്‌സി- CNRB 0000248) തുറന്നിട്ടുണ്ട്. ഫോൺ: 9847842844, 9847871098.