July 25, 2025

പ്ലസ് വണ്‍ ട്രാൻസ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെമുതൽ തിങ്കളാഴ്ച നാലുവരെ

Share

 

പ്ലസ് വണ്‍ പ്രവേശനത്തിന് സ്കൂളും വിഷയവും മാറാൻ (ട്രാൻസ്ഫർ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്മെന്റ് വെള്ളിയാഴ്ച 10 മുതല്‍ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും.ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിലെ (www.hscap.kerala.gov.in) ട്രാൻസ്ഫർ അലോട്മെന്റ് റിസള്‍ട്ട് ലിങ്കിലൂടെ പരിശോധിക്കാം. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്മെന്റ് പ്രവേശനത്തിനുള്ള സമയപരിധി.

 

അലോട്മെന്റ് ലഭിച്ചവർ നിലവില്‍ ചേർന്ന സ്കൂളിലെ പ്രിൻസിപ്പലിനെ സമീപിച്ചാല്‍ മതി. അലോട്മെന്റ് ലെറ്ററിന്റെ പ്രിന്റ് സ്കൂളില്‍നിന്നു നല്‍കും. അതേ സ്കൂളില്‍ മറ്റൊരു വിഷയത്തില്‍ അലോട്മെന്റ് ലഭിച്ചവരുടെ പ്രവേശനം സ്കൂള്‍ അധികൃതർ ക്രമപ്പെടുത്തും. അധികഫീസ് മാത്രം അടച്ചാല്‍ മതി.

 

മറ്റൊരു സ്കൂളില്‍ അലോട്മെന്റ് ലഭിച്ചവർക്ക് ടി.സി., സ്വഭാവസർട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമർപ്പിച്ച മറ്റുരേഖകള്‍ എന്നിവ സ്കൂള്‍ അധികൃതർ മടക്കിനല്‍കണം. പഠിച്ചുകൊണ്ടിരുന്ന വിഷയത്തില്‍ തന്നെയാണ് അലോട്മെന്റ് എങ്കില്‍ അധികഫീസ് വേണ്ടാ. മറ്റൊരു സ്കൂളില്‍ പുതിയ വിഷയത്തിലാണ് പ്രവേശനമെങ്കില്‍ ആ വിഷയത്തിന് അധികമായി വേണ്ടിവരുന്ന ഫീസ് നല്‍കണം.

 

ആദ്യം ചേർന്ന സ്കൂളില്‍ അടച്ച കോഷൻ ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ നിർബന്ധമായും മടക്കിനല്‍കണമെന്ന് ഹയർസെക്കൻഡറി വകുപ്പ് പ്രിൻസിപ്പല്‍മാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ട്രാൻസ്ഫർ അലോട്മെന്റിലൂടെ ചേരുന്ന സ്കൂളില്‍ പിടിഎ ഫണ്ടും കോഷൻ ഡിപ്പോസിറ്റും അടയ്ക്കണം.

 

തത്സമയ പ്രവേശനം 30-ന്

 

ട്രാൻസ്ഫർ അലോട്മെന്റിനുശേഷം ബാക്കിവരുന്ന സീറ്റില്‍ 30-ന് മെറിറ്റ് അടിസ്ഥാനത്തില്‍ തത്സമയ പ്രവേശനം നടത്തും. ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം 29-ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.