July 9, 2025

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ( സെറ്റ് ) രജിസ്ട്രേഷൻ മേയ് 28 വരെ ; 50 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്സ് ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം

Share

 

ഹയർ സെക്കൻഡറി, നോണ്‍ വൊക്കേഷനല്‍ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനായുള്ള യോഗ്യതാ നിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്-ജൂലൈ 2025) ഓണ്‍ലൈനില്‍ മേയ് 28 വൈകീട്ട് അഞ്ചു മണി വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷാ ചുമതല എല്‍.ബി.എസ് സെന്ററിനാണ്. വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും https://www.lbscentre.kerala.gov.inല്‍ ലഭിക്കും. പരീക്ഷാഫീസ് 1300 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 750 രൂപ.

 

സെറ്റ് പരീക്ഷക്ക് രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ-1 (ജനറല്‍) ല്‍ പൊതുവിജ്ഞാനവും അധ്യാപന അഭിരുചിയും വിലയിരുത്തുന്ന 120 ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് ഓരോ മാർക്ക്. രണ്ടുമണിക്കൂർ സമയം.

 

പേപ്പർ രണ്ടില്‍ 31 വിഷയങ്ങള്‍ ഉള്‍പ്പെടും. പി.ജി തലത്തിലുള്ള ഒരു വിഷയം തിരഞ്ഞെടുക്കാം. ഇതിനെ ആസ്പദമാക്കി 120 ചോദ്യങ്ങളുണ്ടാവും. ഓരോ മാർക്ക് വീതം. അതേസമയം മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങള്‍ക്ക് 80 ചോദ്യങ്ങള്‍ വീതം. ഓരോ ചോദ്യത്തിനും 1.5 മാർക്ക്. രണ്ടുമണിക്കൂർ സമയം അനുവദിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ഒബ്ജക്ടിവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങള്‍. നെഗറ്റിവ് മാർക്കില്ല.

 

വിഷയങ്ങള്‍: പേപ്പർ രണ്ടില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങള്‍-ആന്ത്രോപ്പോളജി, അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ഇസ്‍ലാമിക് ഹിസ്റ്ററി, ജേണലിസം, കന്നട, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കല്‍ സയൻസ്, സൈക്കോളജി, സംസ്കൃതം, സോഷ്യല്‍ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്, ഉർദു, സുവോളജി, ബയോടെക്നോളജി.

 

ജനറല്‍ വിഭാഗക്കാർ സെറ്റ് പാസാകുന്നതിന് പേപ്പർ ഒന്നിലും രണ്ടിലും 40 മാർക്ക് വീതവും മൊത്തത്തില്‍ 48 മാർക്കും നേടണം. ഒ.ബി.സി നോണ്‍ ക്രീമിലെയർ വിഭാഗക്കാർ യഥാക്രമം 35, 45 വീതവും ഭിന്നശേഷിക്കാർ/എസ്.സി/എസ്.ടി വിഭാഗക്കാർ 35, 40 മാർക്ക് വീതവും നേടണം.

 

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാർക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെ മാസ്റ്റേഴ്സ് ബിരുദവും ഏതെങ്കിലും വിഷയത്തില്‍ ബി.എഡും.

 

ആേന്ത്രാപ്പോളജി, കോമേഴ്സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോം സയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യല്‍ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് പി.ജിക്കാർക്ക് ബി.എഡ് ആവശ്യമില്ല. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്നവർക്ക് യോഗ്യതാ പരീക്ഷയില്‍ അഞ്ചു ശതമാനം മാർക്കിളവുണ്ട്. പി.ജി നേടി ബി.എഡ് അവസാനവർഷം പഠിക്കുന്നവർക്കും ബി.എഡ് നേടി അവസാനവർഷ പി.ജി കോഴ്സിന് പഠിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദർശിക്കുക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.