സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ( സെറ്റ് ) 2025 ന് നാളെമുതല്‍ രജിസ്റ്റര്‍ ചെയ്യാം

കൽപ്പറ്റ : 2025ലെ സെറ്റ് പരീക്ഷക്ക് ഏപ്രില്‍ 28 മുതല്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. ഹയര്‍ സെക്കണ്ടറി, നോണ്‍ വെക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള പരീക്ഷയാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്. ജൂലൈ സെഷനിലേക്കുള്ള രജിസ്‌ട്രേഷനാണ് നടക്കുന്നത്. എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിക്കാണ് പരീക്ഷ ചുമതല.
വിശദമായ പ്രോസ്‌പെക്ടസും, സിലബസും എല്‍ബിഎസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യോഗ്യത
ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഇതോടൊപ്പം ബിഎഡ് യോഗ്യതയും വേണം. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് വേണമെന്ന നിബന്ധനയില്‍ നിന്ന് ഇളവുണ്ട്.
ഇതിന് പുറമെ, LTTC, DLED തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകള്‍ വിജയിവര്‍ക്കും സെറ്റിന് അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും, ഭിന്നശേഷി വിഭാഗക്കാര്‍ക്കും, പിജിയില്‍ 5 ശതമാനം മാര്‍ക്കിളവ് അനുവദിക്കും.
പരീക്ഷ ഫീസ്
ജനറല്‍, ഒബിസി വിഭാഗക്കാര്‍ പരീക്ഷ ഫിസായി 1300 രൂപ അടയ്ക്കണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 750 രൂപ അടച്ചാല്‍ മതി. ഓണ്‍ലൈനായി അപേക്ഷിക്കണം.
എസ്.സി-എസ്.ടിക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മെയ് 28ന് അവസാനിക്കും. വിശദവിവരങ്ങള്‍ക്കും, അപേക്ഷ നല്‍കുന്നതിനുമായി www.lbscentre.kerala.gov.in സന്ദര്‍ശിക്കുക.