May 19, 2026

കശുവണ്ടിയിലും വ്യാജന്മാര്‍ ; യഥാര്‍ത്ഥ കശുവണ്ടി തിരിച്ചറിയാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

Share

 

ഇന്ന് വിപണിയില്‍ സുലഭമായി ലഭ്യമാകുന്ന ഒന്നാണ് വ്യാജ കശുവണ്ടി. കിലോക്ക് 1000 രൂപയിലേറെ വിലയുള്ള കശുവണ്ടി വാങ്ങി കഴിക്കുമ്ബോള്‍ അവ യഥാർത്ഥമല്ലെങ്കില്‍ ഉണ്ടാകുന്ന അവസ്ഥ ഓർത്തു നോക്കൂ. യഥാർത്ഥ കശുവണ്ടിയുടെ ഗുണം ലഭിക്കില്ലെന്ന് മാത്രമല്ല ഭാവിയില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനും വ്യാജ കശുവണ്ടിയുടെ ഉപയോഗംകൊണ്ട് കാരണമാകും. ഈ സാഹചര്യത്തില്‍ കശുവണ്ടി യഥാർത്ഥമാണോ വ്യാജമാണോ എന്ന് തിരിച്ചറിയാൻ ഏതൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

 

നിറം

 

യഥാർത്ഥ കശുവണ്ടിക്ക് ഇളം വെള്ള നിറമോ നേരിയ മഞ്ഞ നിറമോ ആയിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ വ്യാജ കശുവണ്ടി നല്ല തൂവെള്ള നിറത്തിലോ കടുത്ത മഞ്ഞ നിറത്തിലോ ആയിരിക്കും മിക്കവാറും പുറത്തിറക്കുന്നത്. നിറത്തിലെ ഈ വ്യത്യാസം കണ്ടു തന്നെ കശുവണ്ടി വ്യാജമാണോ എന്ന് തിരിച്ചറിയാം.

 

മണം

 

യഥാർത്ഥ കശുവണ്ടിയുടെ മണവും വ്യാജ കശുവണ്ടിയുടെ മണവും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കും. യഥാർത്ഥ കശുവണ്ടിക്ക് വളരെ നേരിയ ഒരു മണം മാത്രമായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ വ്യാജ കശുവണ്ടിയില്‍ കശുവണ്ടി എസൻസ് ചേർക്കുന്നതിനാല്‍ നല്ല മണം ഉണ്ടായിരിക്കും. കൂടാതെ വ്യാജ കശുവണ്ടിയില്‍ എണ്ണയുടെ മണവും ഉണ്ടായിരിക്കുന്നതാണ്.

 

രൂപം

 

യഥാർത്ഥ കശുവണ്ടികള്‍ പലപ്പോഴും വലുപ്പത്തില്‍ വ്യത്യസ്തപെട്ടിരിക്കും. എന്നാല്‍ വ്യാജ കശുവണ്ടി ഏറെക്കുറെ എല്ലാ എണ്ണവും ഒരേ വലുപ്പത്തില്‍ ആയിരിക്കും ഉണ്ടായിരിക്കുക. കൂടാതെ ബിരിയാണിയ്ക്കും മറ്റുമായി വലിയ അളവില്‍ കഷ്ണങ്ങളായി വാങ്ങാൻ കിട്ടുന്ന കശുവണ്ടി പലപ്പോഴും വ്യാജമാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്.

 

രുചി

 

യഥാർത്ഥ കശുവണ്ടി കഴിക്കുമ്ബോള്‍, നിങ്ങള്‍ക്ക് നേരിയ മധുരവും എണ്ണമയമുള്ള രുചിയും ലഭിക്കും. അതേസമയം, വ്യാജ കശുവണ്ടി നേരിയ കയ്പ് രുചി ഉള്ളതായിരിക്കും. കൂടാതെ യഥാർത്ഥ കശുവണ്ടിയുടെ അത്ര കട്ടിയുള്ള ഘടന ആയിരിക്കില്ല വ്യാജ കശുവണ്ടിക്ക് ഉള്ളത്.

 

ജല പരിശോധന

 

ഒരു ജല പരിശോധനയിലൂടെ യഥാർത്ഥ കശുവണ്ടി തിരിച്ചറിയാൻ കഴിയുന്നതാണ്. ജലപരിശോധന നടത്തുന്നതിന്, ആദ്യം നിങ്ങള്‍ ഒരു പാത്രത്തില്‍ ശുദ്ധജലം നിറയ്ക്കണം. ഇനി ഈ വെള്ളത്തില്‍ അഞ്ചോ ആറോ കശുവണ്ടി ഇടുക. ഈ കശുവണ്ടി വെള്ളത്തില്‍ മുങ്ങുകയാണെങ്കില്‍, കശുവണ്ടി യഥാർത്ഥമാണെന്ന് മനസ്സിലാക്കാം. എന്നാല്‍ കശുവണ്ടി വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണെങ്കില്‍ കശുവണ്ടിയില്‍ മായം കലർന്നിരിക്കാൻ ഉള്ള സാധ്യത കൂടുതലാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.