അപ്രതീക്ഷിത നീക്കം; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിച്ചു

പ്രതീക്ഷനീക്കത്തിനൊടുവില്‍ മണിപ്പൂരില്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ ജനദാതള്‍ യുണൈറ്റഡ്.ഇനി ജെഡിയുവിന്റെ ഒരേയൊരു എംഎല്‍എ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കും. ഈയൊരു മാറ്റം മണിപ്പൂര്‍ സര്‍ക്കാരില്‍ വലിയ മാറ്റങ്ങളൊന്നും സൃഷ്ടിക്കില്ലെങ്കിലും രാഷ്ട്രീയ നിരീക്ഷകര്‍ ഇക്കാര്യം ഗൗരവത്തിലാണ് കാണുന്നത്. കേന്ദ്രത്തിലും ബിഹാറിലും ജെഡിയു ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായിരിക്കേയുള്ള ഈ നീക്കം ബിജെപിക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. മേഘാലയില്‍ അധികാരത്തിലുള്ള നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മാസങ്ങള്‍ ശേഷമാണ് ജെഡിയുവിന്റെ ഈ നീക്കം.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു ആറ് സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അഞ്ച് പേര്‍ ബിജെപിയിലേക്ക് ചേക്കേറി. 60 അംഗ നിയമസഭയില്‍ ബിജെപിക്ക് നിലവില്‍ 37 എംഎല്‍എമാരാണ് ഉള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ചും മൂന്നു സ്വതന്ത്ര എംഎല്‍എമാരും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്.
മണിപ്പൂരിലെ ജെഡിയു യൂണിറ്റിന്റെ നേതാവ് പുതിയ തീരുമാനം വിശദമാക്കി ഗവര്‍ണര്‍ക്ക് കത്തയച്ചു. രാഷ്ട്രീയത്തില്‍ ഇരുചേരികളിലായി ചാടിക്കളിക്കുന്ന ചരിത്രമുള്ള നേതാവാണ് നിതീഷ് കുമാര്‍. പൊതു തെരഞ്ഞെടുപ്പില്‍ 12 സീറ്റോളം നേടിയ ജെഡിയു ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേതോടെയാണ് അവര്‍ അധികാരം ഉറപ്പിച്ചതും. ഈ വര്‍ഷമാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഇനി എന്ത് അട്ടിമറിയാണ് സംഭവിക്കാന്‍ പോകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കാത്തിരിക്കുന്നത്.