May 6, 2026

മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസം : ടൗണ്‍ഷിപ്പ് നിര്‍മാണച്ചുമതല ഊരാളുങ്കലിന് ; പ്രതീക്ഷിക്കുന്ന ചിലവ് 750 കോടി

Share

 

മുണ്ടക്കൈ – ചൂരല്‍മല പുനഃരധിവാസത്തില്‍ നിര്‍മാണചുമതല ഊരാളുങ്കലിന്. കിഫ്കോണ്‍ മേല്‍നോട്ടം വഹിക്കും. രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കും. 750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

 

 

ഹാരിസൺ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടർ ഭൂമിയും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 48.96 ഹെക്ടർ ഭൂമിയിലുമാണ് മോഡൽ ടൗൺഷിപ് പദ്ധതി നിലവിൽ വരുക. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം പുനരധിവാസ പദ്ധതിക്ക് അംഗീകാരം നൽകി.കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ അഞ്ച് സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിർമിക്കുക. നെടുമ്പാല എസ്റ്റേറ്റിൽ പത്ത് സെന്റ് സ്ഥലത്തായിരിക്കും വീടുകൾ നിർമിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

 

സ്കൂൾ, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം. വാണിജ്യ കെട്ടിടങ്ങൾ, അംഗൻവാടി, മൃഗാശുപത്രി, മാർക്കറ്റ്, സ്പോർട്സ് ക്ലബ്, ലൈബ്രറി ഉൾപ്പടെയുള്ള സൗകര്യങ്ങളോടു കൂടിയ ടൗൺഷിപ്പ് നിർമിക്കാനാണ് പദ്ധതി.വീടുകളുടെ ഡിസൈനുകൾ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് നില കെട്ടുന്നതിനുള്ള സൗകര്യം കൂടി വെച്ചുകൊണ്ടാണ് തറ പണിയുക. ടൗൺഷിപ്പിന്റെ രൂപരേഖയുടെ വീഡിയോ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

 

അതേസമയം, പുനരധിവാസത്തിനുള്ള എസ്റ്റേറ്റുകളിൽ സർവേ നടപടി തുടങ്ങി. കൃഷി, വനം, റവന്യൂ ഉദ്യോഗസ്ഥർ സംയുക്തമായാണ് സർവേ നടപടി പൂർത്തിയാക്കുന്നത്. സ്പെഷ്യൽ ഓഫിസർ ജെ.ഒ അരുണിന്റെ നേതൃത്വത്തിലാണ് സർവേ തുടങ്ങിയത്. കൃഷി, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് സംയുക്തമായാണ് ചുമതല. എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് ആവശ്യമായ ഭൂമിയിലെ മഹസറും തയ്യാറാക്കുന്നുണ്ട്. പത്തു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ പൂർത്തിയാക്കുന്നത്.

 

മഹസർ പരിഗണിച്ചായിരിക്കും എസ്റ്റേറ്റുടമകൾക്ക് നഷ്ടപരിഹാരം കണക്കാക്കുക. പുനരധിവാസത്തിനുള്ള ഉപഭോകതൃ അന്തിമപട്ടിക കൂടി പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിന് വേഗത കൂടുമെന്നാണ് പ്രതീക്ഷ.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.