ഉന്നതപഠനത്തിന് ഈടില്ലാത്ത വായ്പ ; പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം
ഡല്‍ഹി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനാഗ്രഹിക്കുന്ന സാമ്ബത്തിക ഞെരുക്കം നേരിടുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പിഎം വിദ്യാലക്ഷ്മി എന്ന പുതിയ പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനം നേടുകയും ഈ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വിദ്യാഭ്യാസ വായ്പ ലഭിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരു വിദ്യാർത്ഥിക്കും പിഎം വിദ്യാലക്ഷ്മി സ്കീം വഴി വായ്പ ലഭിക്കാൻ അർഹതയുണ്ട്. ‘അത്തരം വായ്പകള്‍ ഈടില്ലാത്തതും ജാമ്യ രഹിതവുമാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ക്യാബിനറ്റ് തീരുമാനങ്ങള്‍ വിവരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ആർക്കൊക്കെ അപേക്ഷിക്കാം
പ്രതിവർഷം 22 ലക്ഷത്തിലധികം വിദ്യാർഥികളെയാണ് പിഎം വിദ്യാലക്ഷമി പദ്ധതിയുടെ ഭാഗമാക്കുന്നത്. ബാങ്കുകളെ പിന്തുണയ്ക്കുന്നതിനായി, 7.5 ലക്ഷം വരെയുള്ള വായ്പ തുകകള്‍ക്ക് 75% ക്രെഡിറ്റ് ഗ്യാരണ്ടി കേന്ദ്രസർക്കാർ നല്‍കും.
ഓരോ വർഷവും പരമാവധി ഒരു ലക്ഷത്തിലധികം വിദ്യാർഥികളെ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള കുടുംബത്തിലെ ഒരു വിദ്യാർത്ഥിക്ക് 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് മൂന്ന് ശതമാനം പലിശ ഇളവ് ലഭിക്കാൻ അർഹതയുണ്ട്. 4.5 ലക്ഷം കുടുംബ വാർഷിക വരുമാനമുള്ള കുടംബത്തിലെ വിദ്യാർത്ഥികള്‍ക്ക് ഇതിനകം നല്‍കിയിട്ടുള്ള മുഴുവൻ പലിശ ഇളവനു പുറമേയാണിത്.
സാമ്ബത്തിക ഞെരുക്കം കാരണം യോഗ്യരായ ഒരു വിദ്യാർഥിക്കും ഉന്നത വിദ്യാഭ്യാസം നിഷേധിക്കരുതെന്നാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് മന്ത്രി. ഉന്നത വിദ്യാഭ്യാസ വകുപ്പ് എല്ലാ വർഷവും ഉയർന്ന നിലവാരമുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും, അതില്‍ മൊത്തത്തില്‍/വിഭാഗത്തില്‍ മികച്ച 100 റാങ്കുള്ള സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തും.
ഇങ്ങനെ അപേക്ഷിക്കാം
ഉന്നതവിദ്യാഭ്യാസ വകുപ്പിന് ‘പിഎം-വിദ്യാലക്ഷ്മി’ എന്ന ഏകീകൃത പോർട്ടല്‍ ഉണ്ടായിരിക്കും, അതില്‍ വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയ്ക്കും പലിശ ഇളവിനും അപേക്ഷിക്കാൻ കഴിയും. ഇ-വൗച്ചർ, സെൻട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറൻസി വാലറ്റുകള്‍ വഴി പലിശ ഇളവ് കരസ്ഥമാക്കും.
ഇന്ത്യയിലെ വിദ്യാർഥികള്‍ക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഈ പദ്ധതി ഗുണകരമാകുമെന്നും കേന്ദ്രമന്ത്രിസഭ വിലയിരുത്തി.