December 5, 2024

റംസാൻ വ്രതം പരിഗണിക്കാതെ ടൈംടേബിള്‍ നിശ്ചയിച്ചു ; SSLC, പ്ലസ് ടു പരീക്ഷാസമയത്തില്‍ എതിര്‍പ്പുമായി അധ്യാപകര്‍

Share

 

പൊതുപരീക്ഷാ ടൈം ടേബിള്‍ മന്ത്രി വി. ശിവൻ കുട്ടി പ്രഖ്യാപിച്ചതിനുപിന്നാലെ ഹയർസെക്കൻഡറി പരീക്ഷയെച്ചൊല്ലി വിവാദം. മുൻകാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഈവർഷം ഉച്ചയ്ക്കുശേഷമാണ് പരീക്ഷയുടെ സമയക്രമം. പരീക്ഷ നടക്കുന്ന മാർച്ചില്‍ റംസാൻ വ്രതമുണ്ടെന്നതു പരിഗണിക്കാതെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിള്‍ നിശ്ചയിച്ചതെന്ന വിമർശനവുമായി അധ്യാപക സംഘടനകള്‍ രംഗത്തെത്തി. ഇതിനുപുറമേ, ശനിയാഴ്ചകളില്‍ പരീക്ഷ ക്രമീകരിച്ചതിലും എതിർപ്പ് ശക്തമായി.

 

റംസാൻ വ്രതം മാർച്ച്‌ ആദ്യവാരം ആരംഭിക്കുമെന്നതിനാല്‍ ഉച്ചയ്ക്കുശേഷം മൂന്നുമണിക്കൂർ പരീക്ഷയെഴുതേണ്ടിവരുന്നത് നോമ്ബ് ആചരിക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥികള്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് എച്ച്‌.എസ്.എസ്.ടി.എ. ചൂണ്ടിക്കാട്ടി.

 

ദേശീയ മത്സര പരീക്ഷകളുടെ റാങ്കിങ്ങിന് ഹയർ സെക്കൻഡറി മാർക്ക് പരിഗണിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് മികച്ചരീതിയില്‍ പരീക്ഷയെഴുതാൻ സാഹചര്യമൊരുക്കണം. ടൈംടേബിള്‍ പുനഃക്രമീകരി ക്കണമെന്ന് പ്രസിഡൻ്റ് കെ. വെങ്കിടമൂർത്തി ആവശ്യപ്പെട്ടു. ഒരേദിവസം ഒട്ടേറെ വിഷയങ്ങളില്‍ പരീക്ഷ നടക്കുന്ന ഹയർസെക്കൻഡറി ടൈംടേബിള്‍ അശാസ്ത്രീയമാണെന്ന് എ.എച്ച്‌.എസ്.ടി.എ. പ്രസിഡന്റ് ആർ. അരുണ്‍കുമാർ പറഞ്ഞു.

 

മുൻവർഷങ്ങളില്‍ പത്തുദിവസമായിരുന്നെങ്കില്‍ ഇത്തവണ 17 ദിവസമാണ് ഹയർസെക്കൻഡറി പരീക്ഷ. മൂന്നു ശനിയാഴ്ചകളും പരീക്ഷയുണ്ട്. ഇതിനുപുറമേ, തിങ്കള്‍മുതല്‍ ശനിവരെ ആറുദിവസം തുടർച്ചയായി പരീക്ഷ നടത്തുന്നതും അധ്യാപകർ ചൂണ്ടിക്കാട്ടി. എന്നാല്‍, വാർഷിക പരീക്ഷയൊപ്പം ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ കൂടി നടക്കുന്നതിനാല്‍ ഹയർസെക്കൻഡറിക്ക് മതിയായ ക്ലാസ്മുറികളും ഇൻവിജിലേറ്റർമാരുടെ സേവനവും ഉറപ്പാക്കാനാണ് ഇപ്പോഴത്തെ ടൈംടേബിളെന്നാണ് ഔദ്യോഗിക വിശദീകരണം.

 

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. 4.28 ലക്ഷം വിദ്യാർഥികളാണ് ഇത്തവണയുള്ളത്. രജിസ്ട്രേഷൻ പൂർത്തിയായതിനുശേഷം കേന്ദ്രങ്ങള്‍ നിശ്ചയിക്കും. ഉത്തരക്കടലാസുകളുടെ വിതരണം തുടങ്ങി.

 

ഐ.ടി. മോഡല്‍ പരീക്ഷ – ജനുവരി 20 മുതല്‍ 30 വരെ.

ഐ.ടി. പൊതുപരീക്ഷ -ഫെബ്രുവരി ഒന്നുമുതല്‍ 14 വരെ

മോഡല്‍ പരീക്ഷ -ഫെബ്രുവരി 17മുതല്‍ 21വരെ

പൊതുപരീക്ഷ -മാർച്ച്‌ മൂന്നുമുതല്‍ 26വരെ (രാവിലെ 9.30 മുതല്‍ 12.15വരെ)

ഉത്തരക്കടലാസ് മൂല്യനിർണം (72 ക്യാമ്ബുകള്‍) – ഏപ്രില്‍ എട്ടുമുതല്‍ 28വരെ

ഫലപ്രഖ്യാപനം -മേയ് മൂന്നാംവാരം

 

ഹയർ സെക്കൻഡറി

 

3.87 ലക്ഷം വിദ്യാർഥികളാണ് ഒന്നാം വർഷത്തിലുള്ളത്. 3.84 ലക്ഷം വിദ്യാർഥികളാണ് രണ്ടാം വർഷത്തിലുള്ളത്. ഒന്നാം വർഷം പൊതുപരീക്ഷ മാർച്ച്‌ ആറിന് തുടങ്ങി 29 വരെ( എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്). രണ്ടാം വർഷം പൊതുപരീക്ഷ മാർച്ച്‌ മൂന്നുമുതല്‍ 26 വരെ(എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്)

 

2024-ല്‍ നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷകള്‍ ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയോടൊപ്പം അതേ ടൈംടേബിളിലാണ് നടത്തുക. ഏപ്രില്‍ 11-ന് ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷകളുടെ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയമാണ് ആദ്യം തുടങ്ങുക. അതിനുശേഷം രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയവും തുടർന്ന് ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയവും നടക്കും.

 

വൊക്കേഷണല്‍ ഹയർ സെക്കൻഡറി

 

ഒന്നാംവർഷ തിയറി പരീക്ഷ -മാർച്ച്‌ ആറിന് തുടങ്ങി 29 വരെ

രണ്ടാംവർഷ തിയറി പരീക്ഷ -മാർച്ച്‌ മൂന്നിന് തുടങ്ങി 26 വരെ

രണ്ടാംവർഷ എൻ.എസ്.ക്യു.എഫ്. വൊക്കേഷണല്‍ പ്രായോഗിക പരീക്ഷ -ജനുവരി 15 മുതല്‍ ഫെബ്രുവരി 24 വരെ

രണ്ടാം വർഷ നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷ -ജനുവരി 22 മുതല്‍ ഫെബ്രുവരി 14 വരെ

സ്ക്രൈബിനെ ആവശ്യമുള്ള വിദ്യാർഥികള്‍ക്ക് മേഖലാ അസിസ്റ്റന്റ് ഡയറക്ടർമാരുടെ ഓഫീസില്‍നിന്നാണ് ഉത്തരവ് നല്‍കുക. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അതത് ഡി.ഇ.ഒ. ഓഫീസില്‍നിന്ന് സ്ക്രൈബിനെ ഏർപ്പാടാക്കി നല്‍കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

 

എച്ച്‌.എസ്. അറ്റാച്ച്‌ഡ് എല്‍.പി. വിഭാഗം പരീക്ഷ -ഫെബ്രുവരി 28 മുതല്‍ മാർച്ച്‌ 27 വരെ

എച്ച്‌.എസ്. അറ്റാച്ച്‌ഡ് യു.പി. വിഭാഗം പരീക്ഷ -ഫെബ്രുവരി 27 മുതല്‍ മാർച്ച്‌ 27 വരെ

ഹൈസ്കൂള്‍ വിഭാഗം എട്ടാംക്ലാസിലെ പരീക്ഷ ഫെബ്രുവരി 24 മുതല്‍ മാർച്ച്‌ 20 വരെ

ഒമ്ബതാംക്ലാസ് പരീക്ഷ ഫെബ്രുവരി 24മുതല്‍ മാർച്ച്‌ 27വരെ


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.