September 20, 2024

മുണ്ടക്കൈയെ കുലുക്കി മറിച്ച് ഉരുൾപൊട്ടൽ : ഉണ്ടായിരുന്നത് 400 വീടുകൾ; അവശേഷിക്കുന്നത് 30 എണ്ണം മാത്രമെന്ന്  

1 min read
Share

 

മേപ്പാടി : ഒരു ഗ്രാമം അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ 168 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

 

വളർത്തുമൃഗങ്ങൾ മാത്രം ബാക്കിയായ കണ്ണീർക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.

 

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തും. 18 ലോറികൾ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീടിവ റോഡ് മാർഗം വയനാട്ടിൽ എത്തിക്കും. ബെയിലി പാലം നിർമാണം രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സൈന്യത്തിന്റെ 3 കെടാവർ ഡോഗുകളും ഒപ്പമെത്തും.

 

കൂടാതെ, കാലവർഷ ദുരന്തങ്ങൾ നേരിടാൻ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ചെലവഴിക്കാൻ യഥേഷ്ടാനുമതി നൽകി ഉത്തരവിറക്കി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജും വയനാട്ടിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 6 മന്ത്രിമാര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മോശം കാലാവസ്ഥ മൂലം രാഹുലും പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചതായി അറിയിച്ചിരുന്നു.

 

ചൂരൽമല, മുണ്ടക്കൈ ഭാഗത്ത് സൈന്യത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ചാലിയാറിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ 98 പേരെയാണ് കാണാതായതെന്നാണ് സർക്കാരിന്റെ ഔദ്യോഗികകണക്ക്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.