മുണ്ടക്കൈ ദുരന്തം : മരണ സംഖ്യ 106 ആയി, 98 പേരെ കാണാൻ ഇല്ല: 122 പേർ ചികിത്സയിൽ
കൽപ്പറ്റ : മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 106 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 62 മൃതദേഹങ്ങള്‍ ഉണ്ട്. ഇവരില്‍ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയില്‍ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ 41 മൃതദേഹങ്ങളാണ് ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഒരാളുടെ മൃതദേഹമുള്ളത്. 98 പേരെ കാണാനില്ലെന്നും വിവരമുണ്ട്. 20 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.
മേപ്പാടി താലൂക്ക് ആശുപത്രിയില്‍ 16 ശരീരഭാഗങ്ങളും എത്തിച്ചിട്ടുണ്ട്. ഇത് മരിച്ചുപോയവരുടേതാകാമെന്നാണ് കരുതുന്നത്. ഇതുവരെ 122 പേരെ ദുരന്ത മുഖത്ത് നിന്ന് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.
വിംസ് ആശുപത്രിയില്‍ മാത്രം 82 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. മേപ്പാടി ആശുപത്രിയില്‍ 27 പേരും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 13 പേരും ചികിത്സയിലുണ്ട്. പരുക്കേറ്റ് ചികിത്സ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരും നിരവധിയാണ്.
ചൂരല്‍ മലയില്‍ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായി കനത്ത മൂടല്‍മഞ്ഞുണ്ട്. ദുരന്ത മുഖത്ത് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുള്‍പൊട്ടലുണ്ടാകാനുള്ള ഭീഷണി നിലനില്‍ക്കുന്ന സ്ഥലത്ത് മഴ ഇനിയും തോര്‍ന്നിട്ടില്ല.