April 4, 2025

വയനാട്ടിൽ ചില്ലറ വില്പന നടത്താനായി കാറിൻ്റെ രഹസ്യ അറയിൽ മയക്കുമരുന്ന് കടത്ത് : 5 പേർ അറസ്റ്റിൽ

Share

 

കാട്ടിക്കുളം : വയനാട്ടിൽ ചില്ലറ വില്പന നടത്താനായി കാറിൻ്റെ രഹസ്യ അറയിൽ മയക്കുമരുന്ന് കടത്തിയ 5 പേർ അറസ്റ്റിൽ. വൈത്തിരി ചുണ്ടേൽ കാപ്പുംകുന്ന് ചുണ്ടേൽഎസ്റ്റേറ്റിൽ കടലിക്കാട്ട് വീട്ടിൽ കെ.എം ഫൈസൽ റാസി ( 32 ), മുട്ടിൽ പരിയാരം പുതുക്കണ്ടി വീട്ടിൽ മുഹമ്മദ് അസനൂൽ ഷാദുലി ( 23 ), പുത്തൂർവയൽ അഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ് ( 23 ), എറണാകുളം കോതമംഗലം വെട്ടിലപ്പാറ പള്ളത്തുപാറ വീട്ടിൽ പി.എ മുഹമ്മദ് ബാവ (22 ), മലപ്പുറം നിലമ്പൂർ മണിമൂലി വാരിക്കുന്ന് ഡെൽബിൻ ഷാജി ജോസഫ് (21 ) എന്നിവരാണ് എക്സൈസ് പിടിയിലായത്. നിലമ്പൂർ കോതമംഗലം സ്വദേശികളായ യുവാക്കൾ ബാംഗ്ലൂരിൽ നേഴ്സിങ് വിദ്യാർഥികളാണ്.

 

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് എക്സൈസ് ചെക്ക് പോസ്റ്റ് ടീം, വയനാട് എക്സൈസ് ഇൻറലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീം എന്നിവരുമായി ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ ബാംഗ്ലൂർ ഭാഗത്തുനിന്ന് വന്ന കെഎൽ 12 L 9740 രജിസ്ട്രേഷൻ നമ്പർ ഇയോൺ കാറിൽ കടത്തിക്കൊണ്ടുവന്ന 204 ഗ്രാം മെത്താംഫിറ്റമിനാണ് പിടിച്ചെടുത്ത്.

 

കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള അറയിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് വച്ച് മറച്ച നിലയിലായിരുന്നു മെത്താഫിറ്റാമിൻ കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മയക്കുമരുന്നായ മെത്താംഫിറ്റമിൻ കൽപ്പറ്റ, വൈത്തിരി എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പനക്കാണ് കൊണ്ടുവന്നത്.

 

 

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത്. എ.യുടെ നേതൃത്വത്തിലുള്ള എക്സൈസ് ടീമിൽ പ്രിവൻ്റീവ് ഓഫീസർമാരായ ജോണി കെ, ജിനോഷ് പി.ആർ, അനൂപ് ഇ, രാമചന്ദ്രൻ എ.ടി.കെ, അജയകുമാർ.കെ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് ടി.ജി, ഉണ്ണികൃഷ്ണൻ, സനൂപ് കെ.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് പി.എന്നിവരും പങ്കെടുത്തു.

 

2 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മെത്താംഫിറ്റമിന് ഗ്രാമിന് 4000 രൂപ നിരക്കിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ജൂലൈ മാസം വയനാട് ജില്ലയിൽ എക്സൈസ് കണ്ടെടുക്കുന്ന മൂന്നാമത്തെ മേജർ മയക്കുമരുന്ന് കേസ് ആണിത്. 20 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇത്. പ്രതികളേയും വാഹനവും കോടതിയിൽ ഹാജരാക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.