December 3, 2024

വയനാട്ടിൽ പുളിമിഠായി കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ

Share

 

മാനന്തവാടി : പുളി മിഠായി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. മാനന്തവാടി പിലാക്കാവിലെ ഒരു കടയില്‍നിന്ന് ഒരു കമ്ബനിയുടെ പുളി മിഠായി വാങ്ങി കഴിച്ച മൂന്നു കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷ ബാധ ഏറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഒരു കുടുംബത്തിലെ നാല് കുട്ടികളില്‍ മൂന്നു പേരാണ് പുളിമിഠായി കഴിച്ചത്. അന്നു രാത്രി തന്നെ മൂന്നുപേർക്കും ശക്തമായ ഛർദി ഉണ്ടായതിനെ തുടർന്ന് പിറ്റേ ദിവസം വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

ഭക്ഷ്യ വിഷബാധയെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് കുട്ടിയുടെ രക്ഷിതാവ് പറയുന്നു. മൂന്ന് കുട്ടികളില്‍ നാലു വയസ്സുകാരി രണ്ടു പാക്കറ്റ് പുളിമിഠായും മറ്റു രണ്ടുപേർ ഓരോന്ന് വീതവുമാണ് കഴിച്ചിരുന്നത്. രണ്ടു പാക്കറ്റ് കഴിച്ച കുട്ടിയെ അവശനിലയിലായതിനെ തുടർന്ന് അന്നുതന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

മൂന്ന് ദിവസം ഐ.സി.യുവിലായിരുന്ന കുട്ടിയെ ചൊവ്വാഴ്ചയാണ് വാർഡിലേക്കു മാറ്റിയത്. വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രണ്ടു കുട്ടികളെയും ചൊവ്വാഴ്ചയോടെ ഡിസ്ചാർജ് ചെയ്തു. അതേസമയം ഡി.എം.ഒ ഓഫിസില്‍ വിഷയം ധരിപ്പിച്ചിട്ടും സംഭവത്തില്‍ ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്. ഭക്ഷ്യ വിഷബാധ ഏറ്റ സംഭവത്തില്‍ അന്വേഷണം നടത്താൻ പോലും തയാറായില്ലെന്നാണ് ആരോപണം. ഇതു സംബന്ധിച്ച്‌ സാമൂഹിക പ്രവർത്തകനായ റഹ്മൻ ഇളങ്ങോളി തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ കമീഷണർക്ക് പരാതി നല്‍കി. തുടർന്നാണ് ജില്ലയിലെ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം വിഷയത്തില്‍ ഇടപെട്ടതെന്ന് പറയുന്നു. കോഴിക്കോട് നിന്ന് നാട്ടിലെത്തിയ ശേഷം പൊലീസില്‍ പരാതി നല്‍കാനിരിക്കുകയാണ് ഭക്ഷ്യ വിഷബാധയേറ്റ കുട്ടിയുടെ രക്ഷിതാവ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.