വായ്പ നൽകിയ പണം തിരികെ ചോദിച്ച വയോധികനെ വീട്ടിൽ വിളിച്ചുവരുത്തി ആക്രമിച്ച കേസ് : രണ്ടുപേർകൂടി അറസ്റ്റിൽ
പുൽപ്പള്ളി : വായ്പ നൽകിയ പണം തിരിച്ചു ചോദിച്ചതിന് വയോധികനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികൾകൂടി അറസ്റ്റിൽ. കഴിഞ്ഞദിവസം പിടിയിലായ മുഖ്യപ്രതി പെരിക്കല്ലൂർ പുതിശ്ശേരി റോജി തോമസിൻ്റെ (45) സഹോദരൻ മത്തായി (55), സഹായി പെരിക്കല്ലൂർ പഞ്ഞിമുക്കിലെ നെല്ലിക്കാട്ട് രഞ്ജിത്ത് (33) എന്നിവരെയാണ് പുല്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികൾക്കുമെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
ആക്രമത്തിനിരയായ പെരിക്കല്ലൂർ ചാത്തംകോട്ട് ജോസഫ് (ജോബിച്ചൻ-60) സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചുവീഴ്ത്താൻ ഉപയോഗിച്ച മുഖ്യപ്രതിയുടെ വാനും കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ വലത് കാൽ അറ്റു തൂങ്ങിയ ജോസഫ് ഇപ്പോഴും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വായ്പ വാങ്ങിയ പണം തിരിച്ചുനൽകാമെന്ന് പറഞ്ഞാണ് ബുധനാഴ്ച രാവിലെ ആറുമണിയോടെ ജോസഫിനെ റോജിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതികൾ ആക്രമിച്ചത്. സ്കൂട്ടറുമായി റോജിയുടെ വീട്ടുവളപ്പിലേക്ക് കടന്ന ജോസഫിനെ ഓംമ്നി വാൻകൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് തൂമ്പയും മറ്റും ഉപയോഗിച്ച് പ്രതികൾ അക്രമിച്ചത്. വലത് കാലിന്റെ പാദത്തിന് മുകൾ ഭാഗത്തുവെച്ച് അറ്റുതൂങ്ങിയ ജോസഫിനെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്തു വെച്ചുതന്നെ റോജിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
റോജിയും ജോസഫും വർഷങ്ങളായി നല്ല സൗഹൃദത്തിലായിരുന്നു. ഈ അടുപ്പം മുതലെടുത്ത് ജോസഫിന്റെ ഭൂമി ഈടുവെച്ച് റോജി കെ.എസ്.എഫ്.ഇ.യിൽ നിന്നും ലക്ഷങ്ങൾ വായ്പയെടുത്തിരുന്നു. ഇതിൻ്റെ തിരിച്ചടവ് തെറ്റിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഒടുവിൽ ജോസഫിൻ്റെ ഭൂമിവിറ്റ് കിട്ടിയപണം കൊണ്ടാണ് റോജിയുടെ കെ.എസ്.എഫ്.ഇ.യിലെ ബാധ്യത തീർത്ത് ഭൂമിയുടെ രേഖകൾ തിരിച്ചെടുത്തത്. ഈ ഇടപാടുമായി ബന്ധപ്പെട്ട് 40 ലക്ഷത്തിലധികം രൂപ റോജി നൽകാനുണ്ടെന്നാണ് ജോസഫിൻ്റെ ബന്ധുക്കൾ പറയുന്നത്.
പോലീസിൽ പരാതി നൽകിയും മധ്യസ്ഥ ചർച്ചകളിലൂടെയും പണം തിരിച്ചുവാങ്ങുന്നതിനുള്ള ശ്രമത്തിലായിരുന്നു ജോസഫ്. റിയൽ എസ്റ്റേറ്റ്, ചിട്ടി ഇടപാടുകൾ നടത്തുന്ന റോജി പലർക്കും ലക്ഷങ്ങൾ നൽകാനുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വ്യാഴാഴ്ച ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.