വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തുന്നതിനിടെ മധ്യവയസ്കൻ അറസ്സിൽ
പുൽപ്പള്ളി : കർണാടകയിൽനിന്ന് കഞ്ചാവ് വാങ്ങി വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുപോകുന്നതിനിടെ മധ്യവയസ്കൻ പോലീസ് പിടിയിലായി. പടിഞ്ഞാറത്തറ തെങ്ങുംമുണ്ട പുത്തൻപുര വീട്ടിൽ മുഹമ്മദ് (46) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. ഇയാളിൽനിന്ന് 750 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കർണാടകയിലെ ബൈരക്കുപ്പയിൽ നിന്ന് കഞ്ചാവ് വാങ്ങിയശേഷം വൈകുന്നേരത്തോടെ പുൽപ്പള്ളിയിലെത്തിയ മുഹമ്മദ് ബസ് സ്റ്റാൻഡിൽ നിന്ന് മാനന്തവാടിയിലേക്ക് ബസ് കയറിയതായിരുന്നു. എന്നാൽ പോലീസ് പിന്തുടരുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് തൊട്ടടുത്ത ബസ് സ്റ്റോപ്പായ അനശ്വര ജങ്ഷനിലിറങ്ങി, മുന്നോട്ട് നടന്നുപോകുന്നതിനിടെ പഴയ ജോസ് തിയേറ്ററിന് സമീപത്തുവെച്ച് എസ്.പിയുടെ സ്ക്വാഡ് അംഗങ്ങൾ ഇയാളെ പിടികൂടുകയായിരുന്നു.
മുഹമ്മദ് അരയിൽ രണ്ട് പൊതികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചത്. തുടർനടപടികൾക്കായി പ്രതിയെ പുല്പള്ളി പോലീസിന് കൈമാറി.