September 20, 2024

ഇനി ഒരു രൂപയ്ക്ക് കുടിവെള്ളം : അഞ്ചുപഞ്ചായത്തുകളിൽ വാട്ടർ എ.ടി.എം പദ്ധതിയുമായി പനമരം ബ്ലോക്ക് പഞ്ചായത്ത്

1 min read
Share

 

പനമരം : പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു ഗ്രാമപ്പഞ്ചായത്തുകളിലും വാട്ടർ എ.ടി.എം സ്ഥാപിക്കാൻ പദ്ധതിഒരുങ്ങുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവിലാണ് വാട്ടർ എ.ടി.എം ഒരുക്കുന്നത്. അതിനൂതനമായ ഈ പ്രോജക്ട് കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ കമ്പളക്കാട് ബസ് സ്റ്റോപ്പ്, പനമരം ബസ് സ്റ്റാൻഡ്, പൂതാടി ഗ്രാമപ്പഞ്ചായത്തിന് സമീപം, പുൽപ്പള്ളി ബസ്റ്റാൻഡ്, മുള്ളൻകൊല്ലി പഞ്ചായത്തിൽ പാടിച്ചിറ ടൗൺ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നുണ്ട്.

 

 

പൊതുജനങ്ങൾ സ്ഥിരമായി വന്നുചേരുന്ന ബസ് സ്റ്റാൻഡുകൾ , ആശുപത്രി പരിസരം, പഞ്ചായത്ത് ഓഫീസ്, സ്കൂളുകൾ തുടങ്ങിയ ഇടങ്ങളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണ് വാട്ടർ എ.ടി.എം മെഷീൻ സ്ഥാപിക്കൽ പ്രോജക്ട് കൊണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉദ്ദേശിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു മെഷീൻ സ്ഥാപിക്കുന്നത്. ഒരു ലിറ്റർ മിനറൽ വാട്ടറിനു കടകളിൽ 20 രൂപ നൽകേണ്ടി വരുമ്പോൾ, ഒരു രൂപ നിരക്കിൽ അതേ ക്വാളിറ്റിയിൽ ഉള്ള വെള്ളം വാട്ടർ എടിഎമ്മിലൂടെ നൽകാൻ കഴിയും. ഇതുമൂലം ടൗണുകളിൽ പ്ലാസ്റ്റിക് കുപ്പികൾ അനാവശ്യമായി വലിച്ചെറിയുന്നത് തടയാൻ സാധിക്കുന്നതോടൊപ്പം ചെറിയ തുകയ്ക്ക് കുടിവെള്ളം പൊതുജനങ്ങൾക്ക് ലഭ്യമാകുകയും ചെയ്യും. വിവിധ കോയിനുകളും, ഫോൺ പേ, ഗൂഗിൾ പേ തുടങ്ങി യു.പി.ഐ അക്കൗണ്ടുകൾ വഴിയും പൊതുജനങ്ങൾക്ക് വെള്ളം ലഭ്യമാകും.

ഓരോതവണ വെള്ളം എടുക്കുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേരും, ജലസരംക്ഷണത്തെ കുറിച്ചുള്ള സന്ദേശവും കേൾക്കാൻ സാധിക്കും. മെഷീനിൻ്റെ നിർമാണ പ്രവൃത്തികൾ 90 ശതമാനവും പൂർത്തീകരിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുന്നതോടെ ഇതിന്റെ സേവനം ലഭ്യമാകും.

 

ചിത്രം : പനമരം ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന വാട്ടർ എ.ടി.എമ്മുകളിൽ ഒന്ന്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.