പോക്‌സോ കേസില്‍ പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
കല്‍പ്പറ്റ: കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വര്‍ഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാണ്ടാട് മുട്ടില്‍മല രാമനെയാണ് (59) ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്.
2019 സെപ്റ്റംബറിലാണ് കേസിന് ആധാരമായ സംഭവം. കല്‍പ്പറ്റ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. പ്രമോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എസ്‌സിപിഒമാരായിരുന്ന പി. ഷാനിതയും എ.പി. ആയിഷാബിയും അന്വേഷണത്തില്‍ സഹായികളായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി. ബബിത ഹാജരായി. സിവില്‍ പോലീസ് ഓഫീസര്‍ റമീന സഹായിയായിരുന്നു.