June 6, 2026

മാനന്തവാടിയിൽ തെരുവുനായയുടെ ആക്രമണം തുടർക്കഥയാവുന്നു ; നാല് ദിവസത്തിനിടെ കടിയേറ്റത് 7 പേർക്ക്

Share

 

മാനന്തവാടി : മാനന്തവാടി നഗരത്തിൽ തെരുവുനായയുടെ ആക്രമണം തുടർക്കഥയാവുന്നു. നാലുദിവസത്തിനുള്ളിൽ 7 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിനു എതിർവശത്തുള്ള റോഡരികിലായാണ് ഭീഷണിയായി തെരുവുനായ നിലയുറപ്പിച്ചിട്ടുള്ളത്. എല്ലാവരെയും കടിച്ചുപരിക്കേൽപ്പിച്ചത് ഒരു നായതന്നെയാണ്.

 

ഇന്ന് കാല്‍നട യാത്രികയെ നായ ആക്രമിച്ചു. കാലിന് മുറിവേറ്റ പാലാക്കുളി മണ്ടകമൂല കോളനിയിലെ രാധ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

 

ഇന്നലെ മാനന്തവാടി അമ്പുകുത്തി, കോട്ടക്കുന്ന് മാറോളി ഹൗസിൽ സുജാത (62), പിലാക്കാവ് തൊട്ടിയിൽ ഹൗസിൽ സാബിറ(27) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ചൊവ്വാഴ്ച വൈകീട്ട് പെരുവക അറക്കപ്പറമ്പിൽ എ.കെ. ശശിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

 

 

തെരുവുനായയുടെ ആക്രമണം പതിവായതോടെ സമീപത്തുള്ള സ്ഥാപനങ്ങളിലെ വനിതാജീവനക്കാർ ഉൾപ്പെടെയുള്ളവർ ഏറെ ഭീതിയിലാണ്. സമീപത്തുള്ള ഡോക്ടറെ കാണാനായി ദിനംപ്രതി ഇതുവഴി ഒട്ടേറെപ്പേർ സഞ്ചരിക്കുന്നുണ്ട്. സ്വൈരസഞ്ചാരത്തിനു ഭീഷണിയായ തെരുവുനായയെ ഇവിടെ നിന്നകറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ ഒന്നുംചെയ്യുന്നില്ലെന്നാണ് ആരോപണം. കുട്ടി വാഹനമിടിച്ച് ചത്തതോടെ ആക്രമാസക്തയായ ഒരു പെണ്‍പട്ടിയാണ് പൊതുജനത്തിന് ഭീഷണിയാകുന്നത്. തെരുവ് നായയെ കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ലെങ്കിലും നഗരസഭ അധികൃതര്‍ ഇടപെട്ട് എത്രയും പെട്ടെന്ന് പട്ടിയെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.