ചെറുകാട്ടൂരിൽ കൃഷിയിടത്തിന് തീപിടിച്ച് കാർഷികവിളകൾ കത്തിനശിച്ചു
മാനന്തവാടി : ചെറുകാട്ടൂരിൽ കൃഷിയിടത്തിന് തീപിടിച്ച് കാർഷിക വിളകൾ കത്തിനശിച്ചു. ചെറുകാട്ടൂർ മതിശ്ശേരി ടി.എം. ശ്രീധരൻ നായരുടെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് തീ പടർന്ന് വൻ നാശനഷ്ടം ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അരഏക്കറോളം സ്ഥലത്തെ കൃഷികൾ കത്തിനശിച്ചു. 60 കാപ്പി, 40 കുരുമുളക്, 50 വാഴ, നാല് തെങ്ങ് എന്നിവ പൂർണമായി കത്തിനശിച്ചു. മാനന്തവാടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീ വ്യാപിക്കുന്നത് തടഞ്ഞത്. തീ ആളിപ്പടരുന്നത് കണ്ട് ശ്രീധരൻനായരുടെ ഭാര്യ വത്സല ബോധരഹിതയായി നിലത്ത് വീണു. രണ്ടുലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതാണ് പ്രാഥമിക നിഗമനം.