മാനന്തവാടിയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി ; ജാഗ്രതാ നിര്‍ദേശം
മാനന്തവാടിയിലെ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. കർണാടകയില്‍ നിന്നാണ് റേഡിയോ കോളർ ഘടിപ്പിച്ച ആന എത്തിയതെന്നാണ് സൂചന. മാനന്തവാടി പായോട് ആണ് പുലർച്ചെ ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കർഷകരാണ് ആനയെ കണ്ടത്. വനം വകുപ്പും പൊലീസും ചേർന്ന് കാട്ടാനയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു.
കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയില്‍ 144 പ്രഖ്യാപിച്ചു. വിദ്യാർത്ഥികളെ സ്കൂളിലേക്ക് അയക്കരുതെന്നും നിർദേശം. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് മർച്ചന്റ് അസോസിയേഷൻ അറിയിച്ചു.
കാട്ടാന മാനന്തവാടി പട്ടണത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് വനംവകുപ്പ് ജാഗ്രത നിർദേശം നല്‍കി. എടവക പഞ്ചായത്തിലെ പായോടില്‍ ഇറങ്ങിയ കാട്ടാന മാനന്തവാടി ടൗണിന് സമീപത്തേക്ക് എത്തുകയായിരുന്നു.
നേരത്തെ തലപ്പുഴ എസ് വളവിലും പിന്നീട് മാനന്തവാടി ടൗണിന് അടുത്തുള്ള ചൂട്ടക്കടവ് ഭാഗത്തും ആനയെ കണ്ടതായാണ് വിവരം. കെഎസ്‌ആർടിസി ഗ്യാരേജിന് സമീപത്തേക്ക് നീങ്ങിയ ആന കോടതി പരിസരത്തും താഴയങ്ങാടി റോഡിന് താഴ് ഭാഗത്തെ ചതുപ്പിലുമായാണ് നിലയുറപ്പിച്ചിരിക്കുന്നത്.