ജി20 ഉച്ചകോടിക്ക് ദില്ലിയില്‍ പ്രൗഢ തുടക്കം; ലോക നേതാക്കളെ ഇന്ത്യന്‍ തനിമയോടെ സ്വീകരിച്ച് പ്രധാനമന്ത്രി
ദില്ലി : ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനമായ ദില്ലിയില്‍ പ്രൗഢമായ തുടക്കമായി. ഉച്ചകോടിക്കായി ദില്ലിയിലെത്തിയ ലോക നേതാക്കളേയും പ്രത്യേക ക്ഷണിതാക്കളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചില്‍ കൊണാര്‍ക്ക് ചക്രത്തിന്‍റെ മാതൃകക്ക് മുന്നില്‍ വച്ച് സാംസ്‌കാരിക തനിമയോടെ സ്വീകരിച്ചു. ദില്ലിയിലേക്ക് ലോക നേതാക്കളുടെയും പ്രത്യേക ക്ഷണിതാക്കളുടേയും വരവ് തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നിരവധി രാജ്യത്തലവന്‍മാര്‍ ഇന്നലെ ദില്ലിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
ജി20 ഉച്ചകോടിക്കായി കൂടുതല്‍ രാജ്യത്തലവന്‍മാരും ക്ഷണിതാക്കളും രാജ്യതലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ, യുഎൻ സെകട്ടറി ജനറല്‍ അന്‍റേണിയോ ഗുട്ടറസ്, ലോക ബാങ്ക് തലവന്‍ അജയ് ബാങ്ക, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദ്‌നോം ഗബ്റേസിസ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സ്പെയിൻ ഉപരാഷ്ട്രപതി നാദിയ കാല്‍വിനോ, യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സായദ് അല്‍ നഹ്യാൻ, ജര്‍മന്‍ ചാന്‍സലര്‍ ഉലാഫ് ഷോയല്‍സ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ബ്രസീല്‍ പ്രസിഡന്‍റ് ലുലാ ഡിസില്‍വ തുടങ്ങിയവര്‍ ഉച്ചകോടിക്കായി ദില്ലിയിലെത്തിയിട്ടുണ്ട്. ജി20 സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെയും ക്ഷണിതാക്കളേയും ഹസ്‌തദാനം നല്‍കി സ്വീകരിച്ചു.
അര്‍ജന്‍റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളും ജി20യില്‍ പങ്കെടുക്കുന്നുണ്ട്. യുഎഇ ഭരണാധികാരി, ബംഗ്ലാദേശ് പ്രധാനമന്ത്രി എന്നിവര്‍ ഉള്‍പ്പെടെ ഒമ്ബത് രാജ്യങ്ങളിലെ നേതാക്കളെ പ്രത്യേക അതിഥികളായി ദില്ലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് എന്നിവര്‍ ഉച്ചകോടിക്ക് എത്താത്തത് സമ്മേളനത്തിന്‍റെ ഗരിമയ്‌ക്ക് മങ്ങലേല്‍പിക്കില്ല എന്നാണ് പ്രതീക്ഷ. പഴുതടച്ച സുരക്ഷയാണ് രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെത്തുന്ന ലോക നേതാക്കള്‍ക്ക് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസം.
ഇന്നും നാളെയുമായി നടക്കുന്ന ജി20 ഉച്ചകോടിയില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാവും. ഇതിന് പുറമെ ഇന്ത്യയും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ചര്‍ച്ചകളും പുതിയ പ്രഖ്യാപനങ്ങളുമുണ്ടാകും. യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്ബത്തിക വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ജി20യില്‍ ആഫ്രിക്കൻ യൂണിയനെ ഉള്‍പ്പെടുത്തുന്നതില്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് സൂചന. ദില്ലിയിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉച്ചകോടിക്ക് മുമ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.